ലക്നൗ : അയോദ്ധ്യയുടെ അഞ്ഞൂറ് വർഷത്തെ ചരിത്രം പാഠ്യവിഷയമാകുന്നു . ഉത്തർപ്രദേശ് സർക്കാരാണ് സ്കൂളുകളിൽ രാമജന്മഭൂമിയുടെയും , ക്ഷേത്രത്തിന്റെയും ചരിത്രത്തെക്കുറിച്ചും നിർമ്മാണത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുക. യുപി ഉന്നത വിദ്യാഭ്യാസ സഹമന്ത്രി രജനി തിവാരി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ, യുപിയിലെ പ്രൈമറി സ്കൂളുകളുടെ സിലബസിൽ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്താനാകും .
‘ നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള അറിവ് കുട്ടികൾക്ക് നൽകണം . മതപരവും പുരാണവുമായ കഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. രാമക്ഷേത്രം നമ്മുടെ വികാരങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് രാമക്ഷേത്രത്തിന്റെ മാത്രം കാര്യമല്ല. മറിച്ച് മതപരവും പുരാണപരവും ആത്മീയവുമായ മറ്റ് കാര്യങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, അതുവഴി കുട്ടികൾക്ക് അതിനെക്കുറിച്ച് അറിവ് ലഭിക്കും എന്നതാണ് ആശയം. മതപരമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കുട്ടികൾക്ക് ഉണ്ടായിരിക്കണം. പാഠ്യപദ്ധതിയിൽ ഇക്കാര്യങ്ങൾ ഉണ്ടാകും.‘ – യുപിയിലെ എൻസിഇആർടി പുസ്തകത്തിൽ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള പാഠം ചേർക്കുമോയെന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ജനുവരി 22 നാണ് അയോദ്ധ്യയിൽ നിർമ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.















