തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് തവണ മാറ്റിവെച്ച ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാർക്കും മറ്റ് വിവരങ്ങളും പരിശോധിക്കാനാകും.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷകൾ നിശ്ചിത സമയത്ത് നടത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രത്യേക പരീക്ഷ സംഘടിപ്പിക്കുകയും അതിന്റെ മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് ഫലപ്രഖ്യാപനത്തിന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ഫലം പ്രസിദ്ധീകരിച്ചാൽ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക പോർട്ടലുകളിൽ നിന്ന് ഫലം പരിശോധിക്കാം. ഫലവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഫലപ്രഖ്യാപനത്തോടൊപ്പം അറിയിക്കും.















