മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിച്ച താര രാജാക്കന്മാരുടെ സിനിമകളാണ് ഹലോയും മായാവിയും. രണ്ട് ചലച്ചിത്രങ്ങളും സിനിമാ ആരാധകർക്ക് ചിരി വിരുന്നാണ് സമ്മാനിച്ചത്. മോഹൻലാലിനെ നായകനാക്കി റാഫി മെക്കാർട്ടിൽ ഹലോ സംവിധാനം ചെയ്തപ്പോൾ മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയാണ് മായാവി. ഇരുകഥാപാത്രങ്ങളും ഒരുമിച്ച് ഒരു സിനിമയിലെത്തിയാൽ മലയാളികൾക്ക് അത് ആവേശത്തിന്റെ നാളുകളായിരിക്കും നൽകുക. ‘ഹലോ മായാവി’ എന്ന സിനിമയെ കുറിച്ച് സംവിധായകൻ ഒരു അഭിമുഖത്തിൽ പരാമർശിച്ചതോടെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
മലയാളത്തിന്റെ സ്വന്തം ലാലേട്ടനേയും മമ്മുക്കയെയും കേന്ദ്ര കഥാപാത്രങ്ങളാക്കികൊണ്ട് ഹലോ മായാവി സംവിധാനം ചെയ്യാൻ ഷാഫി തീരുമാനിച്ചതായും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചതായും അഭിമുഖത്തിൽ പറയുന്നു. സിനിമയുടെ ഇതിവൃത്തം കേട്ടുകഴിഞ്ഞപ്പോൾ താരങ്ങൾ സമ്മതം മൂളിയതായും എന്നാൽ ചില വ്യക്തികളുടെ ഇടപെടലുകൾ കാരണം സിനിമ നടക്കാതെ പോയതാണെന്നും സംവിധായകൻ പറഞ്ഞു.
അഡ്വക്കേറ്റ് ശിവരാമൻ നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ ഹലോയിൽ നിറഞ്ഞാടിയപ്പോൾ മായാവി എന്ന ഓമനപ്പേരിൽ മമ്മൂട്ടിയുടെ കഥാപാത്രത്തേയും മലയാളക്കര ഏറ്റെടുത്തു. ഇരു താരങ്ങളും വീണ്ടും ഹലോ മായാവിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നുള്ള പ്രതീക്ഷ കൈവിടാതെ ഇരിക്കുകയാണ് ആരാധകർ.















