സെയിൽസ് മാനേജറായി ജോലിക്ക് കയറിയ ആദ്യ ദിനം മോഷണം; 53 ഐഫോണുകളുമായി കടന്ന പ്രതി പിടിയിൽ

Published by
Janam Web Desk

മോസ്‌കോ: ജോലിക്ക് കയറിയ ആദ്യ ദിനം തന്നെ മോഷണം നടത്തിയ സംഭവത്തിൽ സെയിൽസ് മാനേജർ അറസ്റ്റിൽ. ഇലക്ട്രോണിക്‌സ് സ്ഥാപനത്തിൽ നിന്നും 53 ഐഫോണുകൾ കവർന്നതിന് പിന്നാലെയാണ് സെയിൽസ് മാനേജർ പിടിയിലായത്. റഷ്യയിലെ മോസ്‌കോയിലെ ഒരു ഇലക്ട്രോണിക്‌സ് സ്ഥാപനത്തിൽ നിന്ന് ഫോണുകൾ മോഷ്ടിച്ച 44-കാരനാണ് പിടിയിലായത്. ഏകദേശം 26 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണുകളാണ് പ്രതി ഇവിടെ നിന്നും മോഷ്ടിച്ചത്. ഇതിൽ പലതും മറിച്ചു വിറ്റതായാണ് റിപ്പോർട്ട്.

വ്യാജ രേഖകൾ ഉപയോഗിച്ചായിരുന്നു പ്രതി സെയിൽസ് മാനേജരായി ചുമതലയേറ്റത്. സ്ഥാപനത്തിന്റെ താക്കോൽ ഇയാളുടെ പക്കലുണ്ടായിരുന്നു. പിന്നാലെ മറ്റ് ജീവനക്കാർ ഇവിടെയെത്തുന്നതിന് മുമ്പ് പ്രതി ഫോണുകൾ കവരുകയായിരുന്നു. മോഷണത്തിന് പിന്നാലെ പ്രതി മോസ്‌കോയിൽ നിന്നും കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതി സെയിൽസ് മാനേജരാണെന്ന് കണ്ടെത്തിയത്.

കടയിൽ കടന്നതിന് പിന്നാലെ ക്ലീനിംഗ് മോപ്പ് ഉപയോഗിച്ച് സിസിടിവി ക്യാമറകൾ മറയ്‌ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ ഫോണുകൾ പ്രതി കവരുകയായിരുന്നു. മോഷണത്തിന് പിന്നാലെ സ്വദേശത്തേക്ക് കടന്ന പ്രതിയെ ഇവിടെ നിന്നാണ് പിടികൂടിയത്.

Share
Leave a Comment