മലയാള ഭാഷയുടെ വാമൊഴി വൈവിധ്യങ്ങളെ അനായാസേനെ കൈകാര്യം ചെയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹം അഭിനയിച്ച അത്തരത്തിലുള്ള കഥാപാത്രങ്ങളെല്ലാം തന്നെ വൻ വിജയവുമായിരുന്നു. തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ് എന്നിവ ഇവയിൽ ചിലത് മാത്രമാണ്.
മമ്മൂട്ടി ബുദ്ധിമുട്ടി ഡബ്ബ് ചെയ്ത സിനിമകളെ കുറച്ചുള്ള പഴയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ. ബി ആർ അംബേദ്കർ എന്നചിത്രത്തിൽ അംബേദ്കറായാണ് മമ്മൂട്ടി വേഷമിട്ടത്. ഇതിന്റെ ഡബ്ബിംഗായിരുന്നു താൻ ഏറെ പ്രയാസപ്പെട്ട് പൂർത്തിയാക്കിയതെന്ന് നടന് പറയുന്നു. സിനിമയ്‌ക്ക് വേണ്ടി മാത്രം ബ്രിട്ടീഷ് ലേഡിയിൽ നിന്ന് ഇംഗ്ലീഷ് പഠിച്ചിരുന്നതായും ഫീസായി മണിക്കൂറിന് 600 രൂപ നൽകിയിരുന്നുവെന്നും നടൻ പറയുന്നു.
‘30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കർ ആ പരുവമെങ്കിലും ആയത്. മദ്രാസിലായിരുന്നു അന്ന് ഞങ്ങൾ താമസം. അവിടെ ഒരു ബ്രിട്ടീഷ് ലേഡി താമസിക്കുന്നുണ്ട്. അവരുടെ അടുത്ത് മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ പോയി. മൂന്നുമണി മുതൽ നാലു മണിവരെ അവർ സമയം തരും. ഞാൻ പേടിച്ചിട്ട് മൂന്നേമുക്കാൽ ആവുമ്പോഴാണ് കയറി ചെല്ലുക. അവർ പറയുന്ന ഉച്ഛാരണം ഒന്നും എനിക്ക് വരില്ല’-നടൻ പറഞ്ഞു.















