ജയ്പൂർ: ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാന്റെ മനോഭാവത്തിന് സമാനമാണ് ഹമാസിന്റെ പ്രവൃത്തികളെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിത്തവൃത്തിയെ തകർക്കുന്ന ഇസ്രായേലിനെ പ്രശംസിക്കുകയും ചെയ്തു അദ്ദേഹം.
താലിബാൻ ഭീകരരെ നേരിടാനുള്ള മികച്ച ആയുധം ഹനുമാന്റെ ഗദ മാത്രമാണ്. ഗാസയിലെ താലിബാൻ മനോഭാവം ഇസ്രായേൽ എങ്ങനെ ചെറുക്കുന്നുവെന്നാണ് ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ശരിയായ മാർഗങ്ങളിലൂടെ ലക്ഷ്യസ്ഥാനത്ത് പ്രഹരമേൽപ്പിക്കാൻ ഇസ്രായേലിന് കഴിഞ്ഞു. കൃത്യതയോടെയാണ് നടപടികൾ സ്വീകരിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിലെ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം ഏഴിനാണ് അപ്രതീക്ഷിതമായി ഹമാസ് ഇസ്രോയേലിലേക്ക് 5000-ത്തോളം മിസൈലുകൾ കൂട്ടത്തോടെ വർഷിച്ചത്. സംഭവത്തിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഹമാസ് ഭീകരർ നിരവധി പേരെയാണ് കൊന്നൊടുക്കിയത്. അനേകരെ ഇപ്പോഴും ബന്ദികളാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ തട്ടിക്കൊണ്ടുപോയവരുടെ പട്ടികയിൽപ്പെടുന്നു. ഇവരെ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് ഇസ്രായേൽ പ്രതിരോധ സേന.