തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ചൈനയുമായി താരതമ്യം ചെയ്യാനും ഒരുപക്ഷേ തോൽപ്പിക്കാനും കഴിയുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബേൽ ജേതാവുമായ പ്രൊഫ. അമർത്യ സെൻ. കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ വീഡിയോ വഴി ആശംസകൾ നേരുകയായിരുന്നു അദ്ദേഹം.
രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും, ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതൽ വാർത്തകൾ കേരളത്തിൽ നിന്ന് കേൾക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് സംഗീതാർച്ചന നേരാൻ മക്കളോടും കൊച്ചുമക്കളോടും ഒപ്പം കേരളത്തിൽ വരാൻ ആഗ്രഹിക്കുന്നതായി സരോജ് മാന്ത്രികൻ അംജദ് അലി ഖാൻ പറഞ്ഞു. കേരളത്തിൽ നിൽക്കുമ്പോൾ സ്വന്തം വീട്ടിലെന്നതു പോലെയുള്ള അനുഭവമാണ്. വിദ്യാഭ്യാസമാണ് കേരളത്തിന്റെ ഏറ്റവും മികച്ച കരുത്ത്. തിരുവനന്തപുരത്ത് സംഗീത പരിശീലന സ്ഥാപനം തുടങ്ങാൻ ക്ഷണം നൽകിയ സംസ്ഥാന സർക്കാരിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.