അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ രാംലല്ലയെ സ്ഥാപിക്കുന്നത് എട്ടടി ഉയരമുള്ള സ്വർണം പൂശിയ മാർബിൾ സിംഹാസനത്തിലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. രാജസ്ഥാനിലെ കരകൗശല വിദഗ്ധരാണ് സിംഹാസന നിർമ്മാണത്തിന് പിന്നിലെന്നും ഡിസംബർ 15-ന് ഇത് അയോദ്ധ്യയിലെത്തുമെന്നും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. എട്ടടി ഉയരവും മൂന്നടി നീളവും നാലടി വീതിയുള്ളതായിരിക്കും സിംഹാസനം.
രാംലല്ലയ്‌ക്ക് പൂജ ചെയ്ത അക്ഷതം രാജ്യമൊട്ടാകെയുള്ള രാമഭക്തർക്ക് വിതരണം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. അക്ഷതമൊരുക്കുന്നതിനായി 100 ക്വിന്റൽ അരിയാണ് അയോദ്ധ്യയിലെത്തുക. ഓരോ ക്വിന്റൽ മഞ്ഞൾപ്പൊടിയും നെയ്യും ഇതോടൊപ്പം എത്തിക്കും. അക്ഷതമൊരുക്കി നവംബർ അഞ്ചിന് ദേവസന്നിധിയിൽ കലശത്തിൽ സ്ഥാപിക്കും. വിശ്വഹിന്ദു പരിഷത്ത് സംഘടനാ സംവിധാനത്തിലൂടെയാണ് അക്ഷതം കോടാനുകോടി വീടുകളിലെത്തിക്കുക. എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള വിഎച്ച്പി പ്രതിനിധികൾ അഞ്ചിന് അയോധ്യയിലെത്തുമെന്ന് ചമ്പത്ത് റായ് പറഞ്ഞു.
പ്രാദേശികഭാഷകളിലടക്കം തയാറാക്കിയ ലഘുലേഖകളും അക്ഷതത്തിനൊപ്പം വീടുകളിലെത്തിക്കും. ജനുവരി ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിലായി രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിലേക്ക് അക്ഷതം എത്തും. ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും വീടുകളിലുമടക്കും അയോധ്യയിലെന്നതുപോലെ ഭജനയും നാമജപവും നടത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കും.
ഡിസംബർ 15-നകം രാമക്ഷേത്രത്തിന്റെ താഴെത്തെ നിലയുടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും നിലവിൽ 80 ശതമാനത്തോളം പണി പൂർത്തിയായതായും ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു. പരിക്രമ പാതയുടെ തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഗൃഹമണ്ഡപത്തിന്റെ തറയിൽ മാർബിൾ പാകുന്ന ജോലികൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.