2024ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ പാക് ടീമിന്റെ ഭാഗമാകുമെന്ന് മുൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. പിസിബി ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്താൽ രാജ്യത്തിനായി കളിക്കുമെന്നാണ് ഓൾ റൗണ്ടർ വ്യക്തമാക്കിയിരിക്കുന്നത്. ടീമിൽ ഇടം കിട്ടുമോയെന്ന് അറിയില്ലെന്നും പാക് ടീം ജഴ്‌സി ധരിക്കുന്നതിൽ അഭിമാനമുണ്ടെന്നും താരം പറഞ്ഞു.
2024ൽ പാകിസ്താനുവേണ്ടി ടി20 ലോകകപ്പ് ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ലോകകപ്പ് ടീമിലിടം കിട്ടിയാൽ മികച്ച രീതിയിൽ കളിക്കാൻ എനിക്കാവും. കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനുളള തന്റെ ശാരീരിക ക്ഷമത ഇതുവരെയും നഷ്ടമായിട്ടില്ല. എന്റെ ചെറുപ്പകാലത്തെപ്പോലെ ഞാൻ ഇപ്പോഴും ഫിറ്റാണ്. പിസിബി കളിക്കളത്തിലേക്ക് വരാൻ പറഞ്ഞാൽ എപ്പോഴാണെങ്കിലും ഞാൻ വരും.-ഷൊയ്ബ് പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു.
124 ടി20 മത്സരങ്ങളിൽ നിന്ന് 31.21 ശരാശരിയിൽ 2,435 റൺസാണ് താരം നേടിയിട്ടുള്ളത്. 2021ൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെയായിരുന്നു അവസാനത്തെ അവസാന ടി20 മത്സരം. 515 മത്സരങ്ങളിൽ നിന്ന് 36.25 ശരാശരിയിലും 127.68 സ്ട്രൈക്ക് റേറ്റിലും 79 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 12,688 റൺസുമായി ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഷൊയ്ബ് മാലിക്.