ബെംഗളൂരു: ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസെടുത്തു. യുവതാരം രചിൻ രവീന്ദ്രയുടെയും നായകൻ കെയ്ൻ വില്യംസണിന്റെയും തകർപ്പൻ പ്രകടനമാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.
മത്സരത്തിൽ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് രചിൻ രവീന്ദ്ര കാഴ്ചവെച്ചത്. താരത്തിന്റെ ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്. 94 പന്തിൽ 108 റൺസാണ് രവീന്ദ്ര നേടിയത്. 15 ഫോറുകളുടെയും ഒരു സിക്‌സറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഈ തകർപ്പൻ സെഞ്ച്വറിയിലൂടെ അവിസ്മരണീയമായ ഒരുപിടി മികച്ച റെക്കോർഡിലേക്കാണ് രചിൻ എത്തിയത്. ഒരു ലോകകപ്പ് പതിപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം, ന്യൂസിലാൻഡിന് വേണ്ടി ലോകകപ്പിൽ ഏറ്റവും സെഞ്ച്വറികൾ നേടുന്ന താരമെന്ന നേട്ടവുമാണ് രചിൻ രവീന്ദ്ര സ്വന്തമാക്കിയത്.
കൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡും പാകിസ്താനെതിരെ ബാറ്റ് വീശിയതോടെ താരം പഴങ്കഥയാക്കി. 24 വയസിനുള്ളിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറാനും രചിന്് സാധിച്ചു. സച്ചിൻ ടെണ്ടുൽക്കറുടെ നേട്ടമാണ് താരം മറികടന്നത്. സച്ചിന് ഈ പ്രായത്തിൽ രണ്ട് സെഞ്ച്വറികൾ ആണ് ഉണ്ടായിരുന്നത്. ഇന്നത്തെ തകർപ്പൻ പ്രകടനത്തോടെ മൂന്ന് സെഞ്ച്വറിയുമായി സച്ചിന്റെ ഈ റെക്കോഡ് ആണ് രചിൻ മറികടന്നത്. ഒരു ലോകകപ്പിൽ 500 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും രവീന്ദ്ര പോക്കറ്റിലാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് രചിൻ രവീന്ദ്രയും ഡെവോൺ കോൺവെയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ടീം സ്‌കോർ 68-ൽ നിൽക്കെ ഹസൻ അലിയുടെ പന്തിൽ കോൺവെ(35) പുറത്തായി. പിന്നീട് ക്രീസിലെത്തിയ വില്യംസണുമൊത്ത് രചിൻ 180 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസൺ പക്ഷേ അഞ്ച് റൺസകലെ വീണു. 79 പന്തുകളിൽ നിന്ന് 95റൺസെടുത്ത് പിന്നാലെ കിവീസ് ക്യാപ്റ്റൻ കൂടാരം കയറി. പിന്നാലെ രചിനും മുഹമ്മദ് വസീമിന്റെ പന്തിൽ പുറത്തായി.
തുടർന്ന് ഡാരിൽ മിച്ചൽ (29), മാർക്ക് ചാപ്മാൻ (39), ഗ്ലെൻ ഫിലിപ്സ് (41), മിച്ചൽ സാന്റ്നർ (26) എന്നിവരുടെ പ്രകടനമാണ് സ്‌കോർ 400 കടത്തിയത്. പാകിസ്താനു വേണ്ടി മുഹമ്മദ് വസീം മൂന്ന് വിക്കറ്റ് വീഴ്‌ത്തി.