തിരുവനന്തപുരം: മന്ത്രിക്ക് കണ്ണട വാങ്ങാൻ പൊതു ഖജനാവിൽ നിന്ന് ചെലവായത് 30,500 രൂപ. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ആർ ബിന്ദുവിന് 30,500 രൂപ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. തലസ്ഥാനത്തെ കണ്ണടക്കടയിൽ നിന്ന് വാങ്ങിയ കണ്ണടയുടെ വിലയായ 30,500 രൂപ മന്ത്രിയുടെ അപേക്ഷ പ്രകാരം അനുവദിക്കുന്നതായി അറിയിച്ച് കൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്.
മൂന്നാം തീയതിയാണ് മന്ത്രിക്ക് തുക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ‘ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു 28.04.2023-ൽ തിരുവനന്തപുരം ലെൻസ് ആൻഡ് ഫ്രെയിംസിൽ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു’ -ഇങ്ങനെയാണ് ഉത്തരവിലെ വാചകം. സർക്കാർ കടക്കെണിയിൽ ഞെരുങ്ങുന്നതിനിടെയാണ് മന്ത്രിക്ക് കണ്ണട വാങ്ങിയ വകയിൽ വൻ തുക അനുവദിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും കണ്ണട വാങ്ങിയതിന്റെ പേരിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 49,900 രൂപയ്‌ക്കും ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ 28,000 രൂപയ്‌ക്കും കണ്ണട വാങ്ങിയത് വിവാദമായിരുന്നു.















