തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയായ യുവാവിനെ വിഴിഞ്ഞത്തു നിന്നും പിടികൂടി തമിഴ്നാട് പോലീസ്. വിഴിഞ്ഞം സ്വദേശി നന്ദകുമാർ(19) ആണ് പിടിയിലായത്. ആദ്യം ബൈക്ക് മോഷ്ടിക്കുകയും പിന്നീട് ആ ബൈക്കുകൾ ഉപയോഗിച്ച് മാല മോഷണം നടത്തുന്നതുമാണ് രീതിയെന്ന് പോലീസ് പറയുന്നു.
നാഗർകോവിൽ, ആശാരിപ്പള്ളം, തക്കല, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നന്ദകുമാറിനെതിരെ നിരവധി മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടെയാണ് പ്രതിക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കിയത്. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി വിഴിഞ്ഞത്തുണ്ടെന്ന് കണ്ടെത്തി. തുടർന്ന് വിഴിഞ്ഞം എസ്.ഐ വിനോദിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി.
ഇയാളുടെ പക്കൽ നിന്നും 18 ഗ്രാം സ്വർണാഭരണവും ബൈക്കും പിടികൂടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ നന്ദകുമാറിനെ റിമാൻഡ് ചെയ്തു.