ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറിയിലൂടെ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോർഡിനൊപ്പം എത്താൻ കോഹ്ലിക്ക് കഴിഞ്ഞിരുന്നു. സൗത്താഫ്രിക്കക്കെതിരെ നേടിയ 49-ാമത് സെഞ്ച്വറിയിലൂടെ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ സച്ചിനൊപ്പം ഒന്നാമനാണ് താരമിപ്പോൾ. ഇതിന് പിന്നാലെയാണ് താരത്തിന്റെ ബാറ്റിംഗ് ശൈലി മികച്ചതാണെന്നും സച്ചിന്റെ റെക്കോർഡ് വിരാട് മറികടന്നാൽ അത് തകർക്കാൻ മറ്റൊരു താരത്തിനും കഴിയില്ലെന്നുമാണ് ഓസ്ട്രേലിയൻ മുൻ താരം ആരോൺ
ഫിഞ്ച് പറഞ്ഞത്.
നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഏകദിനത്തിലെ മികച്ച താരമാണ് വിരാട്. അത് 49, 50 ഏതായാലും അവന് സച്ചിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കുകയാണെങ്കിൽ അത് എക്കാലവും തകരാതെ ഇരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ആ നേട്ടം ആർക്കും മറികടക്കാൻ സാധിക്കില്ല. ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാർ സ്‌പോർട്‌സ് ഷോയിലാണ് ഫിഞ്ച് ഇക്കാര്യം പറഞ്ഞത്. ഇത്തവണത്തെ ലോകകപ്പിലെ റൺവേട്ടക്കാരിൽ മൂന്നാമനാണ് വിരാട് കോഹ്ലി.
49-ാം ഏകദിന സെഞ്ച്വറിയുമായി തന്റെ റെക്കോർഡിനൊപ്പമെത്തിയ വിരാട് കോഹ്‌ലിക്ക് ആശംസകളുമായി മാസ്റ്റർ ബ്ലാസ്റ്ററും രംഗത്തെത്തിയിരുന്നു. അടുത്ത ദിവസം തന്നെ എന്റെ റെക്കോർഡ് തകർക്കാനാവട്ടെയെന്നാണ് സച്ചിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ തന്റെ ജന്മദിനത്തിലാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.