തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. വഞ്ചിക്കടവ് ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനശല്യം. തുടർന്ന് വഞ്ചിക്കടവിന് സമീപത്തുള്ള തോടിനടുത്ത് നിന്ന ഒരു സ്ത്രീയെ കാട്ടാന ഓടിച്ചു. വഞ്ചിക്കടവ് സ്വദേശി സുമയെയാണ് കാട്ടാന ഓടിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്.
നേരത്തെ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിൽ കാട്ടാനയുടെ ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. പ്രദേശത്ത് നാളുകളായി റബർ തോട്ടത്തിൽ പത്തിൽ പരം കാട്ടാനകൾ സ്ഥിരം തമ്പടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. രാത്രിയും പകലും ആനകൾ ഒറ്റയ്‌ക്കും കൂട്ടമായും ലയത്തിനടുത്ത് വരുന്നത് പതിവായതിനാൽ ഭീതിയോടെയാണ് തൊഴിലാളികളും കുടുംബങ്ങളും ഇവിടെ കഴിച്ചുകൂട്ടുന്നത്. ആനയെ ഭയന്ന് പകൽ സമയങ്ങളിൽ പോലും കുട്ടികൾ പുറത്തിറങ്ങാറില്ല. എന്നാൽ ആനശല്യം രൂക്ഷമാണെന്ന് കാണിച്ച് പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും സൗരോർജ്ജ വേലി സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു.