ഹസാരിബാഗ്: ജാർഖണ്ഡിൽ നിന്ന് രണ്ട് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ഗൊഡ്ഡ, ഹസാരിബാഗ് ജില്ലകളിൽ നിന്നാണ് ഇവർ അറസ്റ്റിലായതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഗൊഡ്ഡയിലെ അസൻബാനി സ്വദേശിയായ ആരിസ് ഹുസൈൻ, ഹസാരിബാഗിൽ താമസിക്കുന്ന നസീം എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ യുഎപിഎ, ഐപിസി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
സമൂഹമാദ്ധ്യമങ്ങൾ വഴി സമാന ആശയം പിന്തുടരുന്നവരെ കണ്ടെത്തി, ഇവരെ ഭീകര സംഘടനയിലേക്ക് എത്തിക്കുക എന്നതാണ് ഹുസൈൻ ചെയ്ത് വന്നിരുന്നത്. ഇവർക്ക് ആവശ്യമായ പരിശീലനം കൊടുത്തിരുന്നതും ഹുസൈൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഎസിന്റെ തുടർനീക്കങ്ങളുമായി ബന്ധപ്പെട്ട് ഹുസൈനുമായി ഫോൺ സംഭാഷണം നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് നസീമിനെ എടിഎസ് വിഭാഗം നിരീക്ഷിച്ചത്.
ഐഎസിന് പുറമെ പാകിസ്താനിലേയും അഫ്ഗാനിസ്ഥാനിലേയും ചില നിരോധിത ഭീകര സംഘടനകളുമായും തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഹുസൈൻ സമ്മതിച്ചിട്ടുണ്ട്. ജിഹാദ്, ഐഎസ് ആശയങ്ങൾ വ്യക്തമാക്കുന്ന ചില പുസ്തകങ്ങൾ നസീം ഹുസൈന് കൈമാറിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും എടിഎസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.















