രാവിലെ ഭക്ഷണം കഴിക്കാൻ കുട്ടികൾ കൂട്ടാക്കാത്തത് മിക്ക വീടുകളിലുമുള്ള പതിവ് കാഴ്ചയാണ്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങളാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. എന്നാൽ പലപ്പോഴും സമയമില്ലാത്തതാണ് ഒരേ ഭക്ഷണം ഉണ്ടാക്കാൻ അമ്മമാരെ പ്രേരിപ്പിക്കുന്നത്. എന്നും ഉണ്ടാക്കി കഴിക്കുന്ന ദോശ മടുത്തെങ്കിൽ വെറും 3 മിനിറ്റിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം. വെറും മൂന്നേ മൂന്ന് ചേരുവകൾ ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ദോശയാണിത്. ഇതിലേക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം..
ചേരുവകൾ
ഗോതമ്പ് പൊടി: 1 കപ്പ്
മുട്ട: 1
പാൽ: 1 കപ്പ്
ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി എടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. 1 കപ്പ് പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് അടിച്ചെടുക്കുക. മാവ് ചട്ടിയിലേക്ക് ഒഴിക്കാനുള്ള പാകത്തിലല്ലെങ്കിൽ കുറച്ച് വെള്ളവും കൂടി ചേർത്ത് ഇളക്കി എടുക്കാവുന്നതാണ്. ഇനി സാധാരണ ദോശ ചുട്ടെടുക്കുന്ന പോലെ ഇത് ചുട്ടെടുക്കാവുന്നതാണ്. ചമ്മന്തിയ്‌ക്കൊപ്പമോ, ചട്‌നിയ്‌ക്കൊപ്പമോ ചൂടോടെ ഈ ദോശ കഴിക്കാം..