ഏറെ പ്രചാരത്തിലുള്ള ഓപ്പൺ എഐയാണ് ചാറ്റ് ജിപിടി. നിരവധി ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പല ഉപഭോക്താക്കൾക്കും ചാറ്റ് ജിപിടി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ സെർവറിന് വേഗകുറവും ഉണ്ടായിരുന്നു.
സെർവറിന്റെ സേവനം തടസ്സപ്പെടുത്തുന്നതിനായി ഹാക്കർമാർ നടത്തിയ ശ്രമമാണ് പ്രവർത്തനം തടസ്സപ്പെടാൻ കാരണമായതെന്ന് ഓപ്പൺ എഐ മേധാവി സാം ആൾട്മാൻ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ അദ്ദേഹം ഖേദമറിയിക്കുകയും ചെയ്തു.
ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് അഥവാ ഡിഡോസ് അറ്റാക്കാണ് ഓപ്പൺ എഐയുടെ പ്രവർത്തനം തടസ്സപ്പെടാൻ കാരണം. അസാധാരണമായ ട്രാഫിക്കാണ് ചാറ്റ് ജിപിടിയിലേക്കുണ്ടാകുന്നത്. അത് തടയാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഓപ്പൺ എഐ പറഞ്ഞു. പുതിയ സിസ്റ്റം അപ്ഡേറ്റിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഡിഡോസ് അറ്റാക്ക് എന്ന് പറഞ്ഞാൽ ഹാക്കർമാർ വെബ്സൈറ്റിന്റെ സെർവറിന് താങ്ങാനാവുന്നതിനേക്കാൾ കൂടുതൽ ട്രാഫിക് കൃത്രിമമായി സൃഷ്ടിക്കും. അതു വഴി വെബ്സൈറ്റിന് പ്രവർത്തിക്കാനാകാതെ വരും.















