ആലപ്പുഴ: സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്ത് നടത്തുകയാണെന്ന് ഗവർണർ തുറന്നടിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കായി സർക്കാർ വൻ തുക ചെലവഴിക്കുകയാണെന്നും ഗവർണർ വിമർശിച്ചു. രാജ്ഭവനിലെ അധികച്ചെലവെന്ന ആക്ഷേപത്തെ കുറിച്ചും അദ്ദേഹം തുറന്ന് സംസാരിച്ചു. അധികച്ചെലവുണ്ടെന്ന് ആക്ഷേപമുണ്ടെങ്കിൽ മാദ്ധ്യമങ്ങളോടല്ല അക്കാര്യം പറയേണ്ടത്. മറ്റ് രാജ്ഭവനുകളുടെ ചെലവുമായി വേണമെങ്കിൽ താരതമ്യം ചെയ്യാമെന്നും രാജ് ഭവന് വേണ്ടി തുക പാസ്സാക്കുന്നവർക്ക് അത് നിർത്താമല്ലോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. കർഷകർ അടക്കം നേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്നും കർഷക ആത്മഹത്യയെ കുറിച്ച് അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കർഷകന്റെ കുടുംബത്തോടൊപ്പം ആണ് താനെന്നും ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കുമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ് പ്രസാദ്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. പണം തിരിച്ചടയ്‌ക്കാത്തതിനാൽ സർക്കാർ മറ്റ് വായ്പകളും നൽകാതായി. തുടർന്ന് ഇതിന്റെ വിഷമം കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ വാദം.















