ഡ്രൈവിംഗ് എന്തെന്ന് ശാസ്ത്രീയമായി പഠിപ്പിക്കുന്നതിന് ആശാന്മാർക്ക് ഒരു മാസമുള്ള കോഴ്‌സ് വരുന്നു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെയുള്ള പാഠ്യപദ്ധതിയാണ് തയാറാക്കുന്നത്. ഡ്രൈവിംഗ് പഠിപ്പിക്കൽ കുറ്റമറ്റതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡ്രൈവിംഗ് സ്‌കൂളിലെ ഇൻസ്ട്രക്ടർ പദവിയിലേക്ക് ഉയരാനാകും.
എല്ലാ ഡ്രൈവിംഗ് സ്‌കൂളുകളിലും ഇൻസ്ട്രക്ടറുണ്ടാകണമെന്നാണ് നിയമം. ഇവരായിരിക്കണം ഡ്രൈവിംഗ് പഠിപ്പിക്കേണ്ടത്. പത്താം ക്ലാസും അഞ്ച് വർഷം ഡ്രൈവിംഗ് പരിചയവും സർക്കാരിന് കീഴിലെ ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷൻ സെന്റർ നടത്തുന്ന ഓട്ടോമൊബൈൽ ഡിപ്ലോമയും ജയിച്ചവരായിരിക്കണം ഇൻസ്ട്രക്ടർമാർ എന്നതാണ് യോഗ്യതാ മാനദണ്ഡം.
എന്നാൽ ഈ യോഗ്യതയുള്ളവർ സ്‌കൂളുകളിൽ സ്ഥിരമായി സേവനത്തിനുണ്ടാകാറില്ല. ഇത് മിക്ക സ്‌കൂളുകളിലും ഇൻസ്ട്രക്ടർമാരെ കിട്ടാതിരിക്കാൻ കാരണമാകുന്നു. പരിശോധനയിൽ ഉൾപ്പെടെ വിജിലൻസ് പ്രധാനമായി കണ്ടെത്തുന്ന പ്രശ്‌നവും ഇതുതന്നെയാണ്. ഈ സാഹചര്യത്തിലാണ് റോഡ് സുരക്ഷ കണക്കിലെടുത്ത് പഠിപ്പിക്കുന്നവർക്ക് വേണ്ടി പ്രത്യേക കോഴ്‌സ് ഒരുക്കുന്നത്.