അയോദ്ധ്യ: ജനുവരിയിൽ രാമക്ഷേത്രം തുറന്നു കൊടുക്കുന്നതോടെ പത്തിരട്ടി ഭക്തരും വിനോദസഞ്ചാരികളും പുണ്യനഗരിയായ അയോദ്ധ്യ സന്ദർശിക്കാനെത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാൻ ശ്രീരാമന്റെ പ്രിയപ്പെട്ട നഗരമാണ് അയോദ്ധ്യ. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി അയോദ്ധ്യയെ മാറ്റിയെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും ദീപാവലിയോടനുബന്ധിച്ച് സരയൂ നദിയുടെ തീരത്ത് ‘ആരതി’ നടത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജനുവരി 22-ന് നടക്കുന്ന ചരിത്ര പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്നും അയോദ്ധ്യാ നിവാസികളോട് യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.
‘500 വർഷത്തെ ത്യാഗങ്ങൾക്കും ആഗ്രഹങ്ങൾക്കും ശേഷം ശ്രീരാമൻ തന്റെ മഹാക്ഷേത്രത്തിൽ ഉപവിഷ്ടനാകാൻ പോകുന്നു. ഇപ്പോൾ അതിന്റെ ഉത്തരവാദിത്വം നാം ഏറ്റെടുക്കേണ്ടതുണ്ട്. ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാക്ഷേത്രത്തിൽ ശ്രീരാമനെ പ്രതിഷ്ഠിക്കാൻ വരുമ്പോൾ അയോദ്ധ്യയിലെ ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്വീകരണം ചരിത്രപരമായിരിക്കണം. നാം എല്ലാവരും ഭാഗ്യവാന്മാരാണ്, ഇവിടെ വിളക്കുകളുടെ ഉത്സവത്തിന് സാക്ഷ്യം വഹിക്കുന്നു, ഈ വിളക്കുകളുടെ ഉത്സവം ലോകത്തെ 100 ലധികം രാജ്യങ്ങളിൽ തത്സമയം നടക്കുന്നു. ഭഗവാൻ ശ്രീരാമൻ എങ്ങനെയായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്’.
‘ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പുഷ്പകവിമാനത്തിൽ അയോദ്ധ്യയിൽ രാമൻ തിരിച്ചെത്തിയപ്പോൾ ദേവന്മാർ പുഷ്പങ്ങൾ ചൊരിഞ്ഞു. ഏഴ് വർഷം മുമ്പ് ഞങ്ങൾ ഈ ആഘോഷം വീണ്ടും ആരംഭിച്ചപ്പോൾ ആശയക്കുഴപ്പത്തിലായിരുന്നു. അന്ന്, സന്യാസിമാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഇവിടെ ആരംഭിച്ച പരിപാടി ഇന്ന് പ്രധാനമന്ത്രിയുടെ ഏക് ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം സാക്ഷാത്കരിക്കുകയാണ്. പുതിയ അയോദ്ധ്യ നിർമ്മിക്കുന്നത് നാമെല്ലാവരും കാണുന്നു. നിലവിൽ ജോലികൾ നടക്കുന്നു. അയോധ്യയിൽ 30,500 കോടി രൂപയുടെ 178 വികസന പദ്ധതികളാണ് വരുന്നത്’- യോഗി ആദിത്യനാഥ് പറഞ്ഞു.