തിരുവനന്തപുരം: പത്തനംതിട്ടയിൽ ലോട്ടറി തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാവങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ പിണറായി സർക്കാർ മുന്നിലാണെന്നും സംസ്ഥാനത്ത് കർഷകരും പാവങ്ങളും നിത്യേന ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് വന്നിരിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
‘എല്ലാ ആത്മഹത്യ കുറിപ്പിലും പിണറായി സർക്കാരിനെതിരെയാണ് ആരോപണങ്ങൾ ഉയരുന്നത്. ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ വീട് ലഭിക്കാത്തതിൽ മനംനൊന്ത് ഒരാൾ ആത്മഹത്യ ചെയ്തിരിക്കുന്നു. ലൈഫ് മിഷൻ മുടങ്ങുന്നത് എന്തുകൊണ്ടാണെന്ന് പിണറായി സർക്കാർ വ്യക്തമാക്കണം. ഏഴ് ലക്ഷം അപേക്ഷകളാണ് സർക്കാരിന്റെ പക്കൽ കെട്ടിക്കിടക്കുന്നത്’.
‘നെൽ കർഷകന് തുക നൽകുന്നതിൽ 75 ശതമാനം വിഹിതം നൽകുന്നത് കേന്ദ്രമാണ്. അത് പൂർണമായും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ കേരള സർക്കാർ ആ തുക വകമാറ്റിചിലവഴിക്കുകയാണ്. കേന്ദ്രം കൊടുത്ത പണമെങ്കിലും നേരിട്ട് കൊടുത്തിരുന്നെങ്കിൽ കേരളത്തിലെ കർഷകർക്ക് ഈ ഗതി ഉണ്ടാകില്ലായിരുന്നു. ഇതേ അവസ്ഥയാണ് കേരളത്തിലെ ഭവന പദ്ധതികളിലുമുള്ളത്’.
‘സംസ്ഥാന സർക്കാരിന്റെ പക്കൽ ക്ഷേമകാര്യങ്ങൾക്കായി ചിലവഴിക്കാൻ മാത്രം പണമില്ല. റവന്യു ഡെവിസിറ്റ് ഗ്രാൻഡ് ഏറ്റവും കൂടുതൽ നൽകിയിട്ടുള്ളത് കേരളത്തിനാണ്. എന്നിട്ടും ധാനമന്ത്രിയടക്കം പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. നികുതി പിരിച്ചെടുക്കാൻ സർക്കാർ നടപടി എടുക്കുന്നില്ല. മാസപ്പടി വാങ്ങുന്നവരിൽ നിന്ന് നികുതി പിരിക്കാൻ സർക്കാർമടിക്കുന്നു. വസ്തുതകളോട് അടിസ്ഥാന പരമായ വിയോജിപ്പ് സർക്കാരിന് ഉണ്ടെങ്കിൽ ധവളപത്രം പുറത്തിറക്കട്ടെസർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു.