ബെംഗളൂരു: ലോകകപ്പിൽ നെതർലാൻഡ്‌സിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്.
ഡച്ചു ബൗളർമാരെ കണക്കിന് ശിക്ഷിച്ചാണ് ഗില്ലും രോഹിതും ഇന്നിംഗ്സിന് തുടക്കമിട്ടത്. 12-ാം ഓവറിൽ ഇന്ത്യ സ്‌കോർ ബോർഡിൽ മൂന്നക്കം തികച്ചു. എന്നാൽ ടീം സ്‌കോർ 100-ൽ നിൽക്കെ അർദ്ധ സെഞ്ച്വറി നേടിയ ഗില്ലിനെ പോൾ മാൻ മികെറെൻ കൂടാരം കയറ്റി. പിന്നീട് ക്രിസിൽ ഒന്നിച്ച കോഹ്ലിയെ സാക്ഷിയാക്കി രോഹിതും അർദ്ധശതകം നേടി. എന്നാൽ റൺറേറ്റ് ഉയർത്തുന്നതിനിടെ താരത്തെയും ബാസ് ഡേ ലീ ഡേ പറഞ്ഞയച്ചു. 54 പന്തിൽ 2 സിക്‌സും 8 ഫോറുമുൾപ്പെടെ 61 റൺസാണ് താരത്തിന്റെ ഇന്നിംഗ്‌സ്.
ശ്രേയസ് അയ്യരുമായി ചേർന്ന് മികച്ച ഇന്നിംഗ്‌സ് പടുത്തുയർത്തുന്നതിനിടെ വിരാടിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. വാൻ ഡെർ മെർവാണ് താരത്തിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. 56 പന്തുകളിൽ നിന്ന് 51 റൺസായിരുന്നു കിംഗിന്റെ അക്കൗണ്ടിൽ. ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്ന അയ്യരും രാഹുലും ചേർന്ന് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.















