ന്യൂഡൽഹി: നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും മുമ്പ് കാണികളുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ്. ക്രിക്കറ്റ് ലോകകപ്പ് കാണാൻ ഇതുവരെ 10 ലക്ഷത്തിലധികം ആരാധകരാണ് സ്റ്റേഡിയങ്ങളിലേക്ക് വന്നതെന്ന് ഐസിസി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെയാണ് കാഴ്ചക്കാരുടെ എണ്ണം ഒരു മില്ല്യൺ എന്ന നാഴികകല്ല് പിന്നിട്ടതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് അറിയിച്ചത്. സ്റ്റേഡിയങ്ങളിലേക്ക് ആളുകളെത്തുന്നില്ലെന്ന വിമർശനത്തിനിടെയാണ് ഐസിസി ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തം ഈ ലോകകപ്പിൽ ഉണ്ടായത്.
ടൂർണമെന്റ് ഇതിനോടകം തന്നെ മികച്ച വിജയമാണെന്നും നോക്കൗട്ട് ഘട്ടത്തിൽ കൂടുതൽ കാണികൾ വേദികളിലേക്കെത്തുമെന്നും ഐസിസി ഇവന്റ്‌സ് ഹെഡ് ക്രിസ് ടെറ്റ്ലി പറഞ്ഞു. ‘ഒരു ദശലക്ഷത്തിലധികം പേർ ഇന്ത്യയിൽ ലോകകപ്പ് കാണാനെത്തി. ഇതുവരെയുള്ള ലോകകപ്പുകളിൽ വച്ച് ഏറ്റവും ഉയർന്ന റെക്കോർഡ് കാഴ്ചക്കാരാണിത്. നോക്കൗട്ട് ഘട്ടങ്ങളിലേക്ക് നോക്കുമ്പോൾ, ഇപ്പോഴുളള കാണികളുടെ എണ്ണം തകർക്കുന്നതിനും, ക്രിക്കറ്റിലെ ഏറ്റവും മികച്ച പങ്കാളിത്തം ഇന്ത്യയിൽ കാണാനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’. – അദ്ദേഹം പറഞ്ഞു. ലോകകപ്പിലെ ഡിജിറ്റൽ മീഡിയ വ്യൂവിലും ഈ റെക്കോർഡ് തകർത്തിരുന്നു.