സ്പാം കോളുകളോ പ്രോഡക്ട് മാർക്കറ്റിംഗ് കോളുകളോ ഫോണിലേക്ക് എത്തുന്നത് പലർക്കും വലിയ പ്രശ്നമായി മാറാറുണ്ട്. അനാവശ്യ കോളുകൾക്ക് തടയിടുന്നതിന് വേണ്ടി ഒരു എഐ ഫിൽറ്റർ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളോടും സ്ഥാപനങ്ങളോടും ട്രായി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് ഒന്നിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എയർടെൽ, ജിയോ, വിഐ, ബിഎസ്എൻഎൽ എന്നീ സേവന ദാതാക്കളോട് എഐ ഫിൽറ്റർ ഉൾപ്പെടുത്തി സ്പാം കോളുകൾ കണ്ടെത്തണമെന്നായിരുന്നു ട്രായിയുടെ നിർദ്ദേശം.
ഈ ഫിൽറ്ററിന് അനാവശ്യ കോളുകൾ ഒരു പരിധി വരെ ബ്ലോക്ക് ചെയ്യാനാകുമെന്നും ട്രായി ഉറപ്പു നൽകുന്നു. ഇതിന് പുറമെ കോളർ ഐടി ഫീച്ചർ കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങളും നടന്നു വരുന്നു.വിളിക്കുന്നത് ആരാണെന്ന് കോൾ ലഭിക്കുന്ന ആൾക്ക് കൃത്യമായി മനസിലാക്കാൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. നിരന്തരം ശല്യമാകുന്ന ടെലിമാർക്കറ്റിംഗ് കോളുകളും സ്പാം കോളുകളും ഒഴിവാക്കുന്നതിന് ഡിഎൻഡി ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ഇവ എന്താണെന്ന് നോക്കാം…
ഡിഎൻഡി അഥവാ ഡു നോട്ട് ഡിസ്റ്റർബ് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ…
- ഫോണിലെ ഡീഫോൾട്ട് മെസേജിംഗ് ആപ്പ് തുറക്കുക.
- ഇതിൽ പുതിയ ഒരു സന്ദേശം അയക്കുന്നതിനായി തുറക്കുക.
- ക്യാപ്പിറ്റൽ ലെറ്ററിൽ FULLY BLOCK എന്ന ഈ സന്ദേശം ടൈപ്പ് ചെയ്യുക.
- ശേഷം ഇത് 1909 എന്ന നമ്പറിലേക്ക് അയക്കുക. ഇത് ആക്ടിവേറ്റ് ആകുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ ഫോണിലേക്ക് ടെലിമാർക്കറ്റിംഗ് കോളുകളും സന്ദേശങ്ങളും എത്തില്ല. ഇത് പൊതുവെ തിരഞ്ഞെടുക്കാവുന്ന മാർഗമാണ്.
- ചില വിഭാഗങ്ങളിലെ കോളുകളും മെസേജുകളും ലഭിക്കണമെന്ന് ഉള്ളവർക്ക് ഇതിനും മാർഗമുണ്ട്…
- എല്ലാം തടയണമെന്ന് ഉള്ളവർക്ക് FULLY BLOCK എന്ന സന്ദേശം അയക്കുക.
- ബാങ്കിംഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, ഫൈനാൻഷ്യൽ പ്രോഡക്ട്സ് എന്നീ വിഭാഗങ്ങളിൽ നിന്നുമുള്ള കോളുകളും സന്ദേശങ്ങളും മാത്രം ബ്ലോക്ക് ചെയ്യണമെന്ന് ഉള്ളവർക്ക് BLOCK 1 എന്ന സന്ദേശം അയക്കുക.
- റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ ഒഴിവാക്കുന്നതിനായി BLOCK 2 എന്നാണ് സന്ദേശം അയക്കേണ്ടത്.
- വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട രഹസ്യം തടയുന്നതിനായി BLOCK 3 എന്ന് ടൈപ്പ് ചെയ്ത് അയക്കുക.
- ആരോഗ്യമേഖലയിൽ നിന്നുമുള്ള പരസ്യം വേണ്ടെന്നുള്ളവർക്ക് BLOCK 4 എന്ന സന്ദേശം അയക്കാവുന്നതാണ്.
- കൺസ്യൂമർ ഗുഡ്സ്, വാഹനങ്ങൾ, എന്റർടെയൻമെന്റ് ഐടി മേഖലകളിൽ നിന്നുമുള്ള പരസ്യം ഒഴിവാക്കുന്നതിനായി BLOCK 5 എന്ന് അയക്കുക.
- കമ്മ്യൂണിക്കേഷൻസ് ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മേഖലയിൽ നിന്നുമുള്ള പരസ്യങ്ങൾ ഒഴിവാക്കുന്നതിന് BLOCK 6 എന്ന് സന്ദേശം അയക്കുക.
- ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ആപ്പുകൾ മുഖേനയും ഡിഎൻഡി റജിസ്റ്റർ ചെയ്യാവുന്നതാണ്.