ബെംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ച നിലയിൽ. ഹസീന (46), മക്കളായ അഫ്സാൻ (23), അസീം (14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. ആക്രമത്തിൽ പരിക്കേറ്റ ഹസീനയുടെ ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്.
മാസ്ക് ധരിച്ചെത്തിയ ഒരാളാണ് കുടുംബത്തിന് നേരെ ആക്രമണം നടത്തിയത്. എന്നാൽ, കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയിലെത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മാസ്ക് ധരിച്ചെത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കിയെന്ന് ഓട്ടോ ഡ്രെെവർ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സി സി സി ടി വി ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
കറുത്ത ബാഗും മാസ്കും ധരിച്ച യുവാവിനെ ഹസീനയുടെ വീടിന് സമീപം ഇറക്കിയെന്നും ശേഷം താൻ മടങ്ങിയെന്നുമാണ് യുവാവ് പറഞ്ഞത്. 15മിനിട്ടിന് ശേഷം ഈ യുവാവിനെ വീണ്ടും ഓട്ടോ സ്റ്റാന്‍ഡിന്റെ പരിസരത്ത് കണ്ടെന്നും ഓട്ടോ ഡ്രൈവർ പറയുന്നു. ഇത്രയും പെട്ടെന്ന് മടങ്ങാനായിരുന്നെങ്കിൽ ആ സ്ഥലത്ത് തന്നെ കാത്ത് നിൽക്കുമായിരുന്നുവെന്നും താൻ അയാളോട് പറഞ്ഞു. എന്നാൽ, മറുപടി നൽകാതെ യുവാവ് മറ്റൊരു ഓട്ടോ റിക്ഷയിൽ കയറി ബെെപ്പാസ് ഭാഗത്തേയ്‌ക്ക് പോയതായി ഓട്ടോ ഡ്രെെവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.