ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇന്ത്യ സെമി ഫൈനൽ പോരിന് ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച വയ്‌ക്കുന്നത്. തോൽവി അറിയാതെയുളള ഇന്ത്യൻ ടീമിന്റെ ജൈത്രയാത്രക്ക് അഭിനന്ദനങ്ങൾ നേർന്നിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ഹസി. ഭൂതകാലത്തെ കുറിച്ച് ചിന്തിക്കാതെ സ്വന്തം വഴി വെട്ടിത്തെളിക്കുകയാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീം എന്ന് ഹസി പറഞ്ഞു.
‘ടൂർണമെന്റിൽ ഇന്ത്യ വളരെ മികച്ച രീതിയിലുളള പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് ടീമും മികച്ചതാണ്. പൂർണ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ടീം ഓരോ മത്സരത്തെയും നേരിടുന്നത്. കളിക്കളത്തിലെ ഓരോ നിമിഷവും ഇന്ത്യൻ താരങ്ങൾ ആസ്വദിക്കുന്നുണ്ട്. ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തുക എന്ന കാര്യം വളരെ പ്രയാസകരമാണ്. എന്നാൽ, സെമി ഫൈനലിൽ സ്വന്തം കാണികൾക്ക് മുന്നിൽ നിന്നുകൊണ്ട് കളിക്കുന്നതിന്റെ സമ്മർദ്ദം ഇന്ത്യൻ ടീമിന് അതിജീവിക്കാൻ കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്.
സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് ഇന്ത്യ പുറത്താകും’.
‘കഴിഞ്ഞു പോയ ലോകകപ്പ് സീസണുകളിലെ പ്രകടനങ്ങളെപ്പറ്റി ഓർത്ത് ഇന്ത്യൻ ടീം വേവലാതിപ്പെടുന്നില്ല. കളിക്കളത്തിൽ ഉണ്ടായ പഴയ മുറിവിനെപ്പറ്റിയോ പഴയ തോൽവി ഭാരങ്ങളെ കുറിച്ചോ ചിന്തിക്കാതെയാണ് അവർ എതിർ ടീമിനെ നേരിടുന്നത്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ളവർ എല്ലാം അവരവരുടേതായ ഒരു പാത വെട്ടിത്തെളിക്കുന്നതിനെപ്പറ്റിയാണ് ചിന്തിക്കുന്നത്’- മൈക്കൽ ഹസി പറഞ്ഞു. ഫോക്‌സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് ഹസി ഇന്ത്യയെ പ്രശംസിച്ചത്.