111 വർഷങ്ങൾക്ക് മുമ്പാണ് വടക്കൻ അറ്റ്‌ലാന്റിക്കിൽ ടൈറ്റാനിക് മുങ്ങുന്നത്. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ടൈറ്റാനികിന്റെ മഹിമയും പ്രൗഡിയും ഇനിയും മങ്ങിയിട്ടില്ല. ഇപ്പോഴിതാ ടൈറ്റാനിക് കപ്പലിലെ ‘ഡിന്നർ മെനു’ ലേലത്തിൽ വിറ്റതിന്റെ വാർത്തയാണ് പുറത്തു വരുന്നത്. ഏകദേശം 84.5 ലക്ഷം രൂപയ്‌ക്ക് വിറ്റുപോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇംഗ്ലണ്ടിൽ ലേലത്തിന് വച്ച ടൈറ്റാനിക്കിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ഡിന്നർ മെനുവിന് ആവശ്യക്കാർ ഏറെയായിരുന്നു. 83,000 പൗണ്ടിനാണ് മെനു വിറ്റത്.
1912 ഏപ്രിൽ 15-ന് പുലർച്ചെയാണ് ടൈറ്റാനിക് കപ്പൽ മുങ്ങിയത്. ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് മുങ്ങുന്നതിന് മുമ്പ് ഫസ്റ്റ് ക്ലാസ് യാത്രികർക്ക് വിളമ്പിയ ഭക്ഷണ വിഭവങ്ങളുടെ മെനുവാണ് ലേലത്തിൽ വിറ്റത്. ടൈറ്റാനിക്കിലെ അവസാന അത്താഴമെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാമെന്ന് ബ്രിട്ടീഷ് ലേല സ്ഥാപനമായ ഹെന്റി ആൽഡ്രിഡ്ജ് ആൻഡ് സൺ ലിമിറ്റഡ് പറഞ്ഞു.
1912 ഏപ്രിൽ 11-ന് വിളമ്പിയ രുചികരമായ വിഭവങ്ങളാണ് മെനുവിൽ പട്ടികപ്പെടുത്തിയിട്ടുണ്ടായിരുന്നത്. സാൽമൺ, ബീഫ്, സ്‌ക്വാബ്, താറാവ്, ചിക്കൻ എന്നിവയും മെനുവിൽ ഉൾപ്പെടുന്നു. പ്രശസ്തമായ വിക്ടോറിയ പുഡ്ഡിംഗ് മെനുവിൽ ഉണ്ടായിരുന്നു. മൈദ, മുട്ട, ജാം, ബ്രാണ്ടി, ആപ്പിൾ, ചെറി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് ആപ്രിക്കോട്ടുകൾക്കും ഫ്രഞ്ച് ഐസ്‌ക്രീമിനും ഒപ്പം വിളമ്പുന്ന ഗംഭീരമായ മധുരപലഹാരമാണ് വിക്ടോറിയ പുഡ്ഡിംഗ്.