ന്യൂഡൽഹി: കുട്ടികളോടൊപ്പം സംവദിച്ച് രാഷ്ട്രപടി ദ്രൗപദി മുർമു. രാജ്യത്തിന്റെ വിവിധ സ്കൂളുകളിൽ നിന്നും സംഘടനകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളുമായാണ് രാഷ്ട്രപതി സംവദിച്ചത്. രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിലായിരുന്നു കൂടിക്കാഴ്ച.
പുസ്തകങ്ങളാണ് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ. നല്ല പുസ്തകങ്ങൾ ഒരാളുടെ വ്യക്തിത്വത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. നല്ല പുസ്തകങ്ങൾ വായിക്കണമെന്നും വായന ശീലമാക്കണമെന്നും രാഷ്ട്രപതി കുട്ടികളെ ഉപദേശിച്ചു.
‘കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. ഈ ഭാവിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഇന്നത്തെ കുട്ടികൾക്ക് സാങ്കേതികവിദ്യയെ കുറിച്ചും മറ്റും ധാരാളം അറിവുണ്ട്. രാജ്യത്തിന് അകത്തും പുറത്തും അവരുടെ കഴിവുകൾ അവർ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ കുട്ടികൾക്ക് നേരായ വഴി കാണിച്ചു കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’.
കുട്ടികൾക്ക് മറ്റുള്ളവരുമായി സഹകരിക്കാനും അവരുടെ വിഷമത്തിൽ പങ്കുചേരാനുമുള്ള മനസുണ്ട്. അവർക്ക് സഹായമനസ്കത കൂടുതലാണ്. മറ്റുള്ളവരുടെ സന്തോഷത്തിൽ അവർ സന്തോഷിക്കുന്നു. കുഞ്ഞുങ്ങളുടെ ചെറിയ പ്രായം മുതൽ മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും നാം അവരെ പഠിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കണമെന്നും രാഷ്ട്രപതി മാതാപിതാക്കളോട് പറഞ്ഞു.