കൂർക്ക ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. ലോകത്തിന്റെ ഏതുകോണിൽ പോയാലും കുറച്ച് കൂർക്ക കണ്ടാൽ വിടാത്തവരാണ് മലയാളികൾ. കൂർക്ക കാലമായാൽ അത് ഉപ്പേരി വച്ചും മെഴുക്കുപുരട്ടിയായും ഇറച്ചിയിൽ ചേർത്തുമെല്ലാം അകത്താക്കുന്നതും പതിവാണ്. എന്നാൽ കൂർക്ക കിട്ടിയാൽ മത്തിയോടൊപ്പം ചേർത്ത് ഒരു കിടിലൻ ഉണ്ടാക്കാമെന്ന് നിങ്ങൾക്കറിയാമോ? നല്ല നെയ്യുള്ള മത്തി കിട്ടിയാൽ അതിൽ കൂർക്ക ചേർത്ത് ഒരു ഒന്നൊന്നര ഐറ്റം ഉണ്ടാക്കാം. അത് എങ്ങനെയാണെന്ന് നോക്കാം..
മുളകുപൊടിയും മല്ലിപൊടിയും ചൂടാക്കി എടുക്കുക. ഇത് വൃത്തിയാക്കിയെടുത്ത കൂർക്കയിലേക്ക് ഇടുക. ഒപ്പം ആവശ്യത്തിന് ഉപ്പും 4-5 ചുവന്നുള്ളി അരിഞ്ഞതും അൽപ്പം മഞ്ഞപ്പൊടിയും ചേർക്കാം. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചിയും 2-3 പച്ചമുളകും അരിഞ്ഞിടാം. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഇളക്കുക. ഇതിന് മുകളിലേക്ക് വൃത്തിയാക്കി എടുത്ത മത്തി നിരത്തി വയ്‌ക്കാം. ശേഷം പാത്രം അടച്ച് വേവിച്ചെടുക്കുക.
വെന്തുകഴിഞ്ഞാൽ മത്തിയിലെ മുള്ളെല്ലാം മാറ്റി മാംസം മാത്രമെടുത്ത് കൂർക്കയിലിട്ട് നല്ലപോലെ ഇളക്കിയെടുക്കാം. ശേഷം ഒരു ചട്ടിയിൽ അൽപം തേങ്ങ ചിരവിയത് ഇട്ട് ചൂടാക്കിയെടുക്കാം. അതിലേക്ക് അൽപം മസാല പൊടി ചേർത്ത് ഒന്നൂടെ ചേർത്ത് ഇളക്കി ചൂടാക്കിയെടുക്കുക. ഈ മിശ്രിതം ചൂടാറിയതിന് ശേഷം മിക്‌സിയിലിട്ട് അരച്ചെടുക്കുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന വെന്ത കൂർക്ക-മത്തി മിക്‌സിലേക്ക് അരപ്പ് ചേർക്കുക. നല്ലപോലെ ഇളക്കി എടുത്തതിന് ശേഷം ഇതിലേക്ക് വെളിച്ചെണ്ണ താളിച്ചുചേർക്കുക. ഇതിനായി വേറൊരു ചട്ടി ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചുവന്നുള്ളു അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ചൂടാക്കി എടുക്കുക. ഇത് പാകം ചെയ്ത് വച്ച കൂർക്കയ്‌ക്ക് മുകളിൽ താളിച്ച് കൊടുക്കാം.