മുംബൈ: ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തുന്നവര്‍ ഫൈനല്‍ കാണില്ലെന്ന ചരിത്രം ഇന്ത്യക്ക് മുന്നില്‍ വീണുടഞ്ഞു. വിശ്വ കിരീടമെന്ന മോഹവുമായി വാങ്കഡെയിലെത്തിയ കിവീസിന് രണ്ടാം വട്ടവും മോഹഭംഗം. പോരാട്ട വീര്യം പുറത്തെടുത്ത ന്യൂസിലന്‍ഡിനെ വരിഞ്ഞു മുറുക്കി ഷമിയാണ് 7 വിക്കറ്റുമായി ഇന്ത്യക്ക് അര്‍ഹിച്ച വിജയം നല്‍കിയത്. ഒരുഘട്ടത്തില്‍ ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഷമി ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത്. 70 റൺസിനായിരുന്നു ഇന്ത്യൻ വിജയം.48.5 ഓവറില്‍ 327 റണ്‍സിന് കിവീസ് പുറത്തായി
ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് ആദ്യമൊന്നു വിറച്ചെങ്കിലും പിന്നീട് താളം കണ്ടെത്തി. ഓപ്പണര്‍മാരെ നഷ്ടമായതിന് പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന നായകന്‍ കെയ്ന്‍ വില്യംസണും ഡാരല്‍ മിച്ചലും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
149 പന്തില്‍ 181 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇത് പൊളിക്കാന്‍ കഴിയാതിരുന്ന രോഹിത് 33-ാം ഓവറില്‍ രണ്ടാം സ്‌പെല്ലിനായി ഷമിയെ മടക്കി വിളിച്ചു. കിവി നായകനെ കുല്‍ദീപ് യാദവിന്റെ കൈയിലെത്തിച്ചാണ് ഷമി ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. ഇതിനിടെ ഡാരല്‍ മിച്ചല്‍ പൊരുതി സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
അതുവരെ ആത്മവിശ്വാസത്തിലായിരുന്ന കിവീസ് ബാറ്റിംഗ് നിര ഉലഞ്ഞ നിമിഷമായിരുന്നു അത്. അതേ ഓവറിലെ നാലാം പന്തില്‍ ടോം ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വലം കൈയന്‍ ബൗളര്‍ അതിഥികളെ ഭയപ്പെടുത്തി. ഇതോടെ ഇടതടവില്ലാതെ ബൗണ്ടറികള്‍ പായിച്ച ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന് ഇന്ത്യ കടിഞ്ഞാണിടുകയായിരുന്നു. 73 പന്തില്‍ നിന്ന് 69 റണ്‍സുമായാണ് വില്യംസണ്‍ പുറത്തായത്.
ഇതിനിടെ ബുംറയുടെ പന്തില്‍ ഷമി വില്യംസണ് ജീവന്‍ നല്‍കിയിരുന്നു. 41 റണ്‍സെടുത്ത ഫിലിപ്പ്‌സിനെ മടക്കിയതോടെ കിവീസ് പതറി. ബുംറയ്‌ക്കായിരുന്നു വിക്കറ്റ്. മാര്‍ക്ക് ചാപ്മാനും രണ്ടു റണ്‍സോടെ കുല്‍ദീപിന്റെ പന്തില്‍ മടങ്ങിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. പിന്നീട് എല്ലാം ഒരു ചടങ്ങായിരുന്നു. മിച്ചല്‍ സാന്റ്‌നര്‍ (9) പുറത്തായ മറ്റൊരു ബാറ്റര്‍. ബുംറ, സിറാജ്, കുല്‍ദീപ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
അതേസമയം ലോകകപ്പില്‍ അതിവേഗം 50 വിക്കറ്റ് തികയ്‌ക്കുന്ന ബൗളറെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. 17ാം ഇന്നിംഗ്‌സിലാണ് ചരിത്രം എഴുതിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.