തൃശൂർ: കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അയ്യപ്പ വിശ്രമ കേന്ദ്രത്തിന് അനുമതി നൽകാത്ത ദേവസ്വം ബോർഡിനെതിരെ ഭക്തരുടെ പ്രതിഷേധം. വിശ്രമ കേന്ദ്രത്തിനുള്ള അനുമതി നിഷേധിച്ചാലും അയ്യപ്പ ഭക്തർക്കായി ഇടത്താവളത്തിൽ സൗകര്യം ഒരുക്കാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം.
പ്രധാന ഇടത്താവളമായ കൊടുങ്ങല്ലൂരിൽ 32 വർഷമായി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭക്ഷണവും വൈദ്യസഹായവും ഉൾപ്പെടെ നൽകി വരുന്ന വിശ്രമ കേന്ദ്രത്തിനാണ് സിപിഎം സമ്മർദ്ദത്തിൽ തടസ്സം സൃഷ്ടിക്കുന്നത്.
അയ്യപ്പ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭരണസമിതിയുടെയും ദേവസ്വം ബോർഡിന്റെയും തീരുമാനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെയും മാതൃ സമിതിയുടെയും ഭാരവാഹികൾ പങ്കെടുത്തു.