ഗാങ്‌തോക്: സിക്കിമിൽ പ്രളയത്തിൽ പ്രളയത്തിൽ തകർന്ന ബെയ്‌ലി പാലം പുനർ നിർമ്മിച്ച് ഇന്ത്യൻ കരസേനയും ബോർഡർ റോഡ് ഓർഗനൈസേഷനും. കരസേനാ മോധാവികളുടെയും ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെയും സാന്നിധ്യത്തിൽ സിക്കിം റോഡ് ആൻഡ് ബ്രിഡ്ജസ് മന്ത്രി സാംന്ദൂപ് ലാപ്‌ച്ചെ പാലം ഉദ്ഘാടനം ചെയ്തു.
ടീസ്റ്റ നദിക്ക് കുറുകെയുള്ള ഈ പാലം കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു. ഇതോടെ ഗതാഗതം തടസ്സപ്പെടുകയും പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ദുസഹമാക്കുകയും ചെയ്തു. സിക്കിമിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പാതയാണിത്. ഒരു മാസത്തിലേറെയായി ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സ്തംഭിച്ചിരുന്നു. പാലം തുറന്നതോടെ ദുരിതപ്രദേശങ്ങളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുവാൻ ഇനി എളുപ്പമാകും.
നീളം കൂടിയതും വീതി കുറഞ്ഞതുമായ പാലമാണിത്. 200 അടിയാണ് പാലത്തിന്റെ ദൈർഘ്യം. ത്രിശക്തി കോർപ്‌സിന്റെയും ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെയും എൻജീനിയർമാരുടെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബെയ്‌ലി പാലം പുനർ നിർമ്മിച്ചത്.
ഒക്ടോബർ 3-4 തീയതികളിൽ ഉണ്ടായ ഉഗ്ര മേഘവിസ്‌ഫോടനത്തെ തുടർന്നാണ് സിക്കിമിൽ പ്രളയം ഉണ്ടായത്. നിരവധി ഗ്രാമങ്ങളും റോഡുകളും പാലവുമെല്ലാം പ്രളയത്തിൽ തകർന്നു. 179 ആളുകൾക്കാണ് പ്രളയത്തിൽ ജീവൻ നഷ്ടമായത്. ഇനിയും നിരവധി ആളുകളെ കണ്ടെത്താനായിട്ടില്ല.