തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ കാലാവധി നീട്ടി. ഒരു വർഷത്തേക്കാണ് സോഷ്യൽ മീഡിയ ടീമിലുളള 12 പേരുടെ കാലാവധി നീട്ടിയത്. മുഖ്യമന്ത്രിയുടെ സമൂഹമാദ്ധ്യമത്തിലെ പേജുകളുടേയും മറ്റും പ്രവർത്തനം മുടക്കമില്ലാതെ തുടരുന്നതിന് വേണ്ടിയാണ് ഇവരുടെ കാലാവധി ദീർഘിപ്പിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്. വിവര പൊതുജന സമ്പർക്ക വകുപ്പാണ് ഇന്നലെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 80 ലക്ഷം രൂപയാണ് സോഷ്യൽ ടീമിന് ഒരു വർഷം ശമ്പളമായി ലഭിക്കുക.
കമ്പ്യൂട്ടർ അസിസ്റ്റന്റ് മുതൽ ടീം ലീഡർ വരെയുള്ള 12 അംഗങ്ങളാണ് ടീമിലുള്ളത്. ടീം ലീഡർക്ക് 75000 രൂപയും കമ്പ്യൂട്ടർ അസിസ്റ്റന്റിന് 22290 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. നേരത്തെ 2022 മെയ് മുതൽ ആറ് മാസത്തേക്കായിരുന്നു ഇവർക്ക് നിയമനം നൽകിയത്. പിന്നീട് കാലാവധി അവസാനിച്ചപ്പോൾ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി. 2023 നവംബർ 15 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവർക്ക് വീണ്ടും ഒരു വർഷം കൂടെ കാലാവധി നീട്ടി നൽകി സർക്കാർ ഉത്തരവിറക്കിയത്.