ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി രണ്ട് വെങ്കല മെഡലുകൾ നേടി അഭിമാനമായിരിക്കുകയാണ് നടിയും മോഡലുമായ ഋതു മന്ത്ര. ഈ സന്തോഷ വേളയിൽ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങൾ. നടിയും സംവിധായികയുമായ ഗീതു മോഹൻദാസും നടൻ ദിലീപുമടക്കമുള്ളവരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
‘കണ്ണൂരിൽ നിന്നുള്ള നമ്മുടെ മലയാളി പെൺകുട്ടി. ജുജിറ്റ്സു ലോക ചാമ്പ്യൻഷിപ്പിൽ 2 വെങ്കല മെഡലുകൾ നേടി. നമ്മുടെ നാടിന്റെ അഭിമാനം ഉയർത്തിയിരിക്കുന്നു. ഋതുവിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ’ എന്നാണ് ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
View this post on Instagram
താൻ ജുജിറ്റ്സുവിൽ വിജയം കൈവരിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ ഋതു പങ്കുവെച്ചിരുന്നു. ‘വലിയൊരു സ്വപ്നം നേടിയെടുത്തു. ലാത്വിയയിൽ നടന്ന 2023 ലെ ജുജിറ്റ്സു ലോക ചാമ്പ്യൻഷിപ്പിൽ, ക്ലോസ് കോണ്ടാക്റ്റിലും സെൽഫ് ഡിഫെൻസിലുമായി 2 വെങ്കല മെഡലുകൾ നേടാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പ്രോത്സാഹനത്തിനും സ്പോൺസർഷിപ്പിനും ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്ക്ക് നന്ദി,’ എന്നാണ് മെഡൽ നേടിയതിനു ശേഷം ഋതു സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഒപ്പം ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു. ത്രിവർണ പതാകയേന്തിയുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
View this post on Instagram
ഏതാനും മാസങ്ങൾക്കു മുൻപ് ഇസ്രായേൽ ആയോധന കലയായ ക്രാവ് മാഗ ദേശീയ ചാമ്പ്യൻഷിപ്പിലും ഋതു പങ്കെടുത്തിരുന്നു. ക്രാവ് മാഗയിൽ താരം സ്വർണ മെഡൽ നേടിയിരുന്നു. രാജൻ വർഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിലാണ് ഋതു പരിശീലനം നേടിയത്. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ.