രേഖ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ യുവനടനാണ് ഉണ്ണി ലാലു. താരം നായകനായി എത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉണ്ണി ലാലുവിനെ കൂടാതെ സിദ്ധാർഥ് ഭരതനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. നവാഗതനായ ജിഷ്ണു ഹരീന്ദ്ര വർമയാണ് സിനിമ സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ഡ്രാമയായി എത്തുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിനുശേഷം ജിഷ്ണു ഹരീന്ദ്ര വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ് ഇത്. സിനിമയിലെ നായികയെ കുറിച്ചുള്ള വിവരങ്ങളും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സജിൻ ചെറുകയിൽ, വിജയരാഘവൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണിത്. നവാഗതനായ വിഷ്ണു ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.
നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉണ്ണി മലയാളികൾക്ക് പ്രിയങ്കരനായത് രേഖ എന്ന ചിത്രത്തിലൂടെയായിരുന്നു. നായിക പ്രാധാന്യമുള്ള ചിത്രത്തിലെ വില്ലൻ വേഷം ഉണ്ണി ലാലുവിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.