കൊല്ലം: അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് കയറി കാൽനടയാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക്. സംഭവത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ തിരുനെൽവേലി സ്വദേശി മുത്തുരാജിനാണ് (45) പരിക്കേറ്റത്. ഇയാളുടെ കാൽവിരൽ മുറിഞ്ഞുപോയി. പുനലൂരിന് സമീപം വൈകിട്ട് എട്ടുമണിയോടെയായിരുന്നു സംഭവം.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ജോലിക്ക് ശേഷം തിരികെ നാട്ടിലേക്ക് പോവുകയായിരുന്നു മുത്തുരാജ്. ഇതിനായി സ്റ്റാൻഡിന് സമീപം എത്തിയപ്പോഴായിരുന്നു അമിത വേഗതയിലെത്തിയ ബസ് കാലിൽ കയറി ഇറങ്ങിയത്. അപകടത്തെ തുടർന്ന് യുവാവിന്റെ കാൽ വിരലുകൾ മുറിഞ്ഞ് പോവുകയായിരുന്നു. കെഎസ്ആർടിസി ഡിപ്പോയിൽ ഉണ്ടായിരുന്ന പിങ്ക് പോലീസ് ഉടൻ തന്നെ ഇദ്ദേഹത്തെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.