കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുന്ന സാഹചര്യത്തിലും നവകേരള സദസ് നടത്തുന്നതിനാൽ വലിയ വിമർശനവും പ്രതിഷേധവുമാണ് സംസ്ഥാന സർക്കാരിനെതിരെ ഉയരുന്നത്. നവകേരള സദസിന്റെ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന ബസിന് പോലും 1.05 കോടി രൂപ ചെലവായെന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ച മറ്റൊരു വിഷയം. വിവാദങ്ങളും വിമർശനങ്ങളും കത്തിക്കയറുമ്പോൾ ഇതിന് സിപിഎം നൽകുന്ന വിശദീകരണവും വിചിത്രമാണ്. നവകേരള സദസ് പോലെയൊരു ചരിത്ര സംഭവം ലോകത്ത് തന്നെ ആദ്യമെന്നാണ് വിമർശനങ്ങൾക്ക് സിപിഎം നൽകുന്ന മറുപടി. ഭരണയന്ത്രം എപ്രകാരമാണ് ചലിക്കുന്നത് എന്നുള്ളതിന്റെ ഉദാഹരണം കൂടിയാണ് നവകേരള സദസെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.കെ ബാലൻ പറയുന്നു.
യാത്രയ്‌ക്ക് ഉപയോഗിക്കുന്ന വാഹനം ടെൻഡർ വിളിച്ച് വിൽക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇപ്പോൾ വാങ്ങിയതിനേക്കാൾ ഇരട്ടി വില ലഭിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്‌ക്ക് മ്യൂസിയത്തിൽ വച്ചാൽ തന്നെ ലക്ഷക്കണക്കിനാളുകൾ കാണാൻ വരുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിപിഎം നേതാവിന്റെ വാക്കുകളിങ്ങനെ..
”ലോകചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഈ രൂപത്തിലുള്ള സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. യഥാർത്ഥത്തിൽ പ്രതിപക്ഷം ഇതിൽ നിന്നും മാറി നിൽക്കേണ്ട ഗതികേടിലേക്ക് എത്തിയതാണ്. ഈ കാബിനറ്റ് ബസ്.. സർക്കാർ ടെൻഡർ വിളിച്ച് വിൽക്കാൻ തീരുമാനിച്ചാൽ.. ഇപ്പം വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും എനിക്കില്ല. 15 കൊല്ലത്തിന് ശേഷം ഇതിന്റെ കാലാവധി കഴിഞ്ഞാൽ മ്യൂസിയത്തിൽ വച്ചിരുന്നാൽ തന്നെ, കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനമെന്ന നിലയിൽ ലക്ഷക്കണക്കിന് ജനങ്ങൾ കാണാൻ വരും. ” എകെ ബാലൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.