ആലപ്പുഴ: ചേർത്തലയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 20.287 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഇന്റലിജൻസും ചേർത്തല എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ പൊതിഞ്ഞ് കെട്ടിവെച്ചിരുന്ന കവർ കണ്ടെത്തുകയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകിട്ട് ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഷാലിമാർ എക്സ്പ്രസിൽ പരിശോധന നടത്തിയിരുന്നു. കഞ്ചാവുമായി എത്തിയവർ ഇത് റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ ശേഷം കടന്നു കളഞ്ഞതാകാം എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.