ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് മാമാങ്കത്തിന് നാളെ പര്യാവസാനം. ഇന്ത്യയെ സംബന്ധിച്ച് ബാറ്റർമാരും ബൗളർമാരും ഒരു പോലെ മിന്നും പ്രകടനം കാഴ്ച വച്ച ലോകകപ്പാണിത്. പല റെക്കോർഡുകളും ലോകകപ്പിൽ പഴങ്കഥയായി. ലോകകീരീടത്തിൽ രോഹിത്തും സംഘവും മുത്തമിടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതിനുമപ്പുറം ടൂർണമെന്റിലെ താരവും ഭാരതീയനായിരുന്നാലോ.. ലോകകപ്പിലെ താരങ്ങളെ കണ്ടെത്താനുള്ള ഐസിസിയുടെ ചുരുക്കപ്പട്ടികയിൽ ഒമ്പത് താരങ്ങളിൽ നാല് പേർ ഇന്ത്യക്കാരാണ്.
ടീം ഇന്ത്യയുടെ സ്റ്റാർ ബാറ്റർമാരായ രോഹിത് ശർമ, വിരാട് കോലി, പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ. ഓസീസ് സ്പിന്നർ ആദം സാമ്പ, ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ, ദക്ഷിണാഫ്രിക്കയുടെ ക്വിൻറൺ ഡീകോക്ക്, ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റു താരങ്ങൾ.
രോഹിത് ശർമ്മ
അക്ഷരം തെറ്റാതെ നായകനെന്ന് വിളിക്കാം. പവർ പ്ലേയിൽ മികച്ച സ്‌കോറാണ് രോഹിത്തിന്റെ ബാറ്റിൽ നിന്ന് ഇന്ത്യക്കായി പിറന്നത്. 550 റൺസുമായി ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട് താരം.
വിരാട് കോലി
ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്നായി 711 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ടൂർണമെന്റിലെ റൺവേട്ടകാരിൽ ഒന്നാമത്. ഏകദിന ക്രിക്കറ്റിലെ 50 സെഞ്ച്വറികളെന്ന റെക്കോർഡും താരത്തിന് സ്വന്തമാണ്. ഇന്ത്യക്കായി ഒരു വിക്കറ്റും താരം നേടി.
മുഹമ്മദ് ഷമി
ലോകകപ്പിൽ 6 മത്സരങ്ങൾ മാത്രം കളിച്ച ഷമി 23 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ്. മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം. സെമിയിൽ ന്യൂസിലൻഡിനെതിരെ നേടിയത് ഏഴു വിക്കറ്റുകൾ.
ജസ്പ്രീത് ബുമ്ര
18 വിക്കറ്റുകളാണ് ലോകകപ്പിലെ ബുമ്രയുടെ നേട്ടം. അഫഗാനിസ്താനെതിരെ 39 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തതാണ് താരത്തിന്റെ ലോകകപ്പിലെ മികച്ച പ്രകടനം.
ഓസീസിന്റെ ആദാം സാമ്പ ലോകകപ്പിൽ ഇതുവരെ നേടിയത് 22 വിക്കറ്റുകളാണ്. അരങ്ങേറ്റ ലോകകപ്പിൽ മിന്നും പ്രകടനമാണ് ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്ര കാഴ്ച വച്ചിട്ടുള്ളത്. 578 റൺസും അഞ്ചു വിക്കറ്റുമാണ് ലോകകപ്പിലെ താരത്തിന്റെ സാമ്പാദ്യം.