മുംബൈ: പൊതുസ്ഥലത്ത് ഫാഷനബിൾ വളകൾ ധരിച്ചതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. നവി മുംബൈയിലെ ദിഘയിലാണ് സംഭവം. 23 കാരിയുടെ പരാതിയിൽ ഭർത്താവ് പ്രദീപ് അർക്കയ്ദിനും (30) രണ്ട് ബന്ധുക്കൾക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഫാഷനബിൾ വളകളോടുള്ള യുവതിയുടെ ഇഷ്ടത്തിന്റെ പേരിൽ ഭർത്താവ് ഉപദ്രവിക്കാറുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. നവംബർ 13നാണ് കേസിന് സംഭവം നടന്നത്. ഭർത്താവ് തന്നെ ഉപദ്രവിക്കുന്നതിനിടയിൽ 50കാരിയായ അമ്മായിയമ്മ തന്റെ മുടിയിൽ പിടിച്ചുവലിക്കുകയും പലതവണ അടിക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. ഭർത്താവ് ലെതർ ബെൽറ്റ് കൊണ്ട് അടിച്ചുവെന്നും ഭർത്താവിന്റെ ബന്ധുവായ മറ്റൊരു സ്ത്രീ തന്നെ നിലത്ത് തള്ളിയിട്ട് മർദിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
മർദ്ദനമേറ്റ യുവതി മാതാപിതാക്കളുടെ വീട്ടിലെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മാസം കാൺപൂരിൽ പുരികം ത്രെഡ് ചെയ്തതിന് ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. സൗദി അറേബ്യയിൽ നിന്ന് ഫോണിൽ വിളിച്ചാണ് ഭർത്താവ് തലാഖ് ചൊല്ലിയതെന്ന് യുവതി പറഞ്ഞിരുന്നു.
.