കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലാണ് സംഭവം. റബിൻ ബേബി, നിഥിൻ, ബബിനേഷ് എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വെച്ചതിന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനിലെത്തി അതിക്രമം നടത്തിയത്.
ജാമ്യം കിട്ടി സ്റ്റേഷനിൽ നിന്ന് പോയവർ അൽപസമയത്തിന് ശേഷം വീണ്ടും സ്റ്റേഷനിലേക്ക് മടങ്ങിയെത്തുകയും പോലീസിന് നേരെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ പുറത്താക്കി ഗേറ്റ് അടച്ചിരുന്നു. ഇവർ സ്റ്റേഷന്റെ മതിൽ ചാടിക്കടന്നാണ് പോലീസിനെ അക്രമിക്കാൻ ശ്രമിച്ചത്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് ഇവർക്കെതിരെ മുമ്പും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.