ഏകദിന ലോകകപ്പിൽ ഇന്ത്യ കീരിടം നേടിയാലും ഇല്ലെങ്കിലും ടൂർണമെന്റിലെ താരം മുഹമ്മദ് ഷമിയാണെന്ന് യുവരാജ് സിംഗ്. ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴച വച്ച താരം ഷമിയാണന്നും ടൂർണമെന്റിലെ താരമാവാനുള്ള അർഹത ഷമിക്കാണെന്നും യുവി പറഞ്ഞു. ലോകകപ്പിലെ 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റെടുത്ത ഷമി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ്.
‘ഇന്ത്യയുടെ ബെഞ്ചിൽ എല്ലാ സമയത്തും മാച്ച് വിന്നർമാരുണ്ടാവാറുണ്ട്. ഹാർദിക്കിന് പരിക്കേറ്റത് അനുഗ്രഹമായി കരുതുന്നില്ല. ഷമിക്ക് അവസരം കിട്ടുമോയെന്ന് പലരും ചിന്തിച്ചിരുന്നു. പക്ഷേ അവസരം കിട്ടിയ ആറ് മത്സരങ്ങളിലും അവൻ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഫൈനലിൽ ഇന്ത്യ തോറ്റാലും ജയിച്ചാലും ടൂർണമെന്റിലെ എന്റെ താരം ഷമിയാണ്.’- യുവരാജ് പറഞ്ഞു.
രോഹിത് ശർമ്മയുടേത് ആദ്യ ലോകകപ്പ് ഫൈനലാണ്. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഓസീസിനോട് പരാജയപ്പെട്ട 2003 ലെ ടീമിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് ഇരുവർക്കും ലോകകപ്പ് കീരിടം നേടാൻ അർഹതയുണ്ട്, അതവർ അർഹിക്കുന്നുമുണ്ട്. ഏഷ്യാ കപ്പിനു മുൻപ് ആളുകൾ ചിന്തിച്ചിരുന്നത് ടീം കോമ്പിനേഷനെപ്പറ്റിയായിരുന്നു. എന്നാൽ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുമ്ര എന്നിവരുടെ വരവ് ടീമിന്റെ ഘടന തന്നെ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.