ഓസ്ലോ: നോര്‍വേ ചെസ്സ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ രണ്ടാം തവണയും മുട്ടുകുത്തിച്ച് ഇന്ത്യന്‍ കൗമാര വിസ്മയം ആര്‍. പ്രജ്ഞാനന്ദ. ആവേശകരമായ ക്ലാസിക്കല്‍ പോരാട്ടത്തില്‍ കാള്‍സനെ തറപറ്റിച്ച ഇന്ത്യന്‍ താരം മത്സരത്തില്‍ നിന്ന് നിര്‍ണ്ണായകമായ 3 പോയിന്റുകള്‍ സ്വന്തമാക്കി. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ടൂര്‍ണമെന്റില്‍ നേരിട്ട ഈ തുടര്‍ച്ചയായ പരാജയങ്ങള്‍ കാള്‍സന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രജ്ഞാനന്ദയ്‌ക്ക് പുറമെ അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വെസ്ലി സോയും ഈ ടൂര്‍ണമെന്റില്‍ കാള്‍സനെ ക്ലാസിക് ഗെയിമില്‍ പരാജയപ്പെടുത്തിയിരുന്നു.
ടൂര്‍ണമെന്റില്‍ ഇനി രണ്ട് റൗണ്ടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ള മത്സരങ്ങളിലും ക്ലാസിക് ജയം തുടരാനായാല്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം സ്വന്തമാക്കാന്‍ സാധിക്കും. നിലവില്‍ 14 പോയിന്റുമായി ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 13 പോയിന്റുമായി അമേരിക്കയുടെ വെസ്ലി സോയും 12 പോയിന്റുമായി ആര്‍. പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തുമാണ്.
ഒരു സിംഗിള്‍ ടൂര്‍ണമെന്റില്‍ മാഗ്‌നസ് കാള്‍സനെ രണ്ട് തവണ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന അപൂര്‍വ്വ നേട്ടം ഇതോടെ പ്രജ്ഞാനന്ദ സ്വന്തമാക്കി. ഇതിനുമുമ്പ് 2007-ലെ ലിനാരെസ് ടൂര്‍ണമെന്റില്‍ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദ് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതേസമയം, ക്ലാസിക്കല്‍ ഗെയിമില്‍ വിന്‍സെന്റ് കെയ്മറോട് ഡി ഗുകേഷും, വനിതാ വിഭാഗത്തില്‍ ദിവ്യ ദേശ്മുഖും പരാജയപ്പെട്ടു. ഇതോടെ ഇവരുടെ പോരാട്ടം ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.















