ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ കാറ്റ് വീശിയടിക്കുന്നതാണ് ഇതിന് കാരണം. 398 ഉണ്ടായിരുന്ന മലിനീകരണ തോത് 322 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ശൈത്യകാല അവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും.
എന്നാൽ ഔട്ട് ഡോർ ആക്റ്റിവിറ്റികളും സ്പോർസ് ആക്റ്റിവിറ്റികളും രാവിലത്തെ അസംബ്ലിയും ഒരാഴ്ച കഴിഞ്ഞ് ആരംഭിച്ചാൽ മതിയെന്ന് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രണ്ടാഴ്ചയിലേറെയായി നഗരം കനത്ത പുക മഞ്ഞിന്റെ പിടിയിലായിരുന്നു. വയോധികർക്കും കുട്ടികൾക്കുമെല്ലാം ഇത് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ജനുവരി- ഫെബ്രുവരി മാസങ്ങളിലെ അവധി നേരത്തെയാക്കി സ്കൂളുകൾ അടക്കുകയായിരുന്നു.