അഹമ്മദാബാദ്: ബാറ്റിംഗിലും ബൗളിംഗിലും പിഴവുകളില്ലാത്ത പ്രകടനം പുറത്തെടുത്ത് ആതിഥേയരെ ആറു വിക്കറ്റിന് തകര്‍ത്ത് മോദി സ്റ്റേഡിയത്തില്‍ ആറാം ലോകകിരീടം ഉയര്‍ത്തി ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന്റെ അത്യുഗ്രന്‍ സെഞ്ച്വറിയാണ് ഓസീസിന് അനായസ വിജയം സമ്മാനിച്ചത്. ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമായി ഹെഡ് മാറി. 34-ാം ഓവറില്‍ 95ാം പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.ഏഴോവർ ബാക്കി നിൽക്കെയാണ് ഓസീസിന്റെ വിജയം.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹെഡ് ലംബുഷെയ്ന് സഖ്യമാണ് റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ചേര്‍ത്ത് ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്നം തല്ലിക്കെടുത്തിയത്. 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ ആറോവറിനിടെ മൂന്ന് വിക്കറ്റ് വീണ് ഉഴറിയെങ്കിലും പിന്നീട് തിരിച്ചുവരികയായിരുന്നു. രണ്ടക്കം കടക്കും മുന്‍പ് വാര്‍ണറെയും സ്മിത്തിനെയും 15 റണ്‍സെടുത്ത മാര്‍ഷിനെയും മടക്കിയെങ്കിലും ആ മേല്‍കൈ ഇന്ത്യക്ക് തുടരാനായില്ല. സ്പിന്നര്‍ അക്ഷരാര്‍ത്ഥത്തില്‍ നിറം മങ്ങി.
പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഹെഡ് പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നേരെ കൗണ്ടര്‍ അറ്റാക്ക് നടത്തുകയായിരുന്നു. ഇന്ത്യ മുട്ടിടിച്ച പിച്ചില്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ അടിച്ചു തകര്‍ക്കുന്നതാണ് കണ്ടത്. സ്റ്റേഡിയത്തിലെ ഒന്നരലക്ഷം കാണികളുയര്ത്തിയ സമ്മര്‍ദ്ദം ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ തെല്ലും ബാധിച്ചില്ല. തകര്‍ത്തടിച്ച ഹെഡിന് ഉറച്ച പിന്തുണയാണ് ലംബുഷെയ്ന് നല്‍കിയത്.
നാലു പടുകൂറ്റന്‍ സിക്സറും 14 ബൗണ്ടറിയും പറത്തി 137 റണ്‍സാണ് ഹെഡ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ലംബുഷെയ്ന് നാലു ബൗണ്ടറികളടക്കമാണ് 58 റണ്‍സെടുത്തത്. 42 ഓവറില്‍ ഹെഡ് പുറത്തായതിന് പിന്നാലെയെത്തിയ മാക്സ് വെല്ലാണ് വിജയ റണ്‍ കുറിച്ചത്.