ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട ഒരു പേരാണ് മുഹമ്മദ് ഷമി. 7 മത്സരങ്ങളില്‍ നിന്ന് മാത്രം 24 വിക്കറ്റ് നേടി, മികച്ച ബൗളര്‍മാരില്‍ ഒന്നാമനായി രാജ്യത്തിന്റെ അഭിമാനമായി മാറിയ താരം.
ഇന്ത്യന്‍ കളിക്കാരുടെ ജാതിയോ മതമോ കുലമോ ഏതെന്ന് നമ്മളാരും ഇത് വരെ അന്വേഷിച്ചിട്ടില്ല, എല്ലാവരും ഏത് സംസ്ഥാനത്ത് ജനിച്ചവര്‍ ആണെന്ന് പോലും നമ്മള്‍ ഇത് വരെ തിരക്കിയിട്ടില്ല. എന്തിന് ഭരിച്ചവരാരാണെന്നോ ജയ, പരാജയങ്ങളോ ഒന്നും ഭരണ സംവിധാനത്തിന്റെ തലയിലേക്കോ വന്നിരുന്നില്ല.2003-ലോ, 2007-ലോ, 2011-ലോ ഒരു ലോകകപ്പിലും ഇതൊന്നും ആരും ചര്‍ച്ച ചെയ്തിട്ടില്ല. അപ്പോള്‍ ഇവിടെ ലക്ഷ്യം മറ്റു പലതുമാണ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പേജില്‍ ഇന്ത്യന്‍ കളിക്കാരെല്ലാം ഏതൊക്കെ സംസ്ഥാനത്തില്‍ നിന്നുള്ളവര്‍ ആണെന്നുള്ള പോസ്റ്റ് ഒരു സുഹൃത്ത് അയച്ചു തന്നപ്പോഴാണ് മനസിലാവുന്നത്. ഇവരൊക്കെ ഈ സംസ്ഥാനത്ത് നിന്നുള്ളവരാണ് എന്ന്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാവരും ഒരേ മനസ്സോടെ രാജ്യം എന്ന വികാരത്തോടെ കളിക്കുന്നവരാണ്.
അതിനിടയിലാണ് ഷമി പാകിസ്താന്‍ ചാരന്‍ ആണ്, വര്‍ഗ്ഗീയവാദിയാണെന്ന തരത്തിലുള്ള പാകിസ്താന്‍ പ്രോപ്പഗണ്ടയ്‌ക്ക് മുന്നില്‍ ഇവിടെ ചിലരെല്ലാം മുട്ടിലിഴഞ്ഞ് കൊടുത്തത്. അതേ തുടര്‍ന്ന് ദസറ ആശംസകള്‍ നേര്‍ന്ന ഷമിയ്‌ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതും എല്ലാം നമ്മൾ കണ്ടതാണ്. അത്തരക്കാര്‍ക്കെല്ലാമുള്ള മറുപടിയാണ് ഷമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പ്രധാനമന്ത്രിയോടൊപ്പമുള്ള ഫോട്ടോ. ഷമിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കൊടുത്തിട്ടുള്ള ക്യാപ്ഷന്‍ ഇപ്രകാരമാണ്.
“നിര്‍ഭാഗ്യവശാല്‍ ഇന്നലെ നമ്മളുടെ ദിവസമായിരുന്നില്ല, പിന്തുണച്ച എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി, ഡ്രെസ്സിങ് റൂമില്‍ വന്ന് ഞങ്ങളില്‍ ആവേശം ഉയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നന്ദി.
നമ്മള്‍ ഉറപ്പായും തിരിച്ചു വരും…”
ഷമി ഈ രാജ്യത്തിന്റെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടയാളിയാണ്. അഭിമാനമായി മാറിയവനെ ആദരിക്കാന്‍ യുപി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരില്‍ ആ ഗ്രാമത്തില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്.. നമ്മുടെ കായികതാരങ്ങളെ അവരുടെ നേട്ടത്തില്‍ അഭിമാനം കൊണ്ട് രാജ്യം മുന്നോട്ടു പോകുമ്പോള്‍ ആരാണ് ഇത്തരത്തിലുള്ള വിഷം വമിപ്പിക്കുന്ന ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി കളി കാണാന്‍ വന്നിരുന്നത് കൊണ്ടാണ് പരാജയപ്പെട്ടതെന്ന ഹാസ്യരൂപേണയുള്ള പലരുടെയും പോസ്റ്റുകള്‍ കണ്ടു, നിങ്ങളിങ്ങനെ കളിയാക്കിയപ്പോഴും അദ്ദേഹം പോയത് ഇന്ത്യന്‍ താരങ്ങളുടെ ഡ്രെസ്സിങ് റൂമിലേക്കാണ്, അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ താരങ്ങളെ മൊത്തം ആശ്വസിപ്പിക്കാന്‍… ചേര്‍ത്തുനിര്‍ത്താന്‍…
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മുടെ പ്രധാനമന്ത്രി കാണുന്നത് ഇതാദ്യമായിട്ടല്ല, ചന്ദ്രയാന്‍ വിക്ഷേപണം പരാജയപ്പെട്ട സമയം അന്നത്തെ ഇസ്രോ ചെയര്‍മാനായിരുന്ന ഡോ. കെ. ശിവനെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുന്ന രംഗങ്ങള്‍ ഓരോ ഭാരതീയനും നിറ കണ്ണുകളോടെ കണ്ടതാണ്…
ഒന്നേ പറയാനുള്ളു
നിങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കുമ്പോഴും,
ഞങ്ങളിങ്ങനെ ചേര്‍ത്ത് പിടിക്കും
അത്രേയുള്ളൂ വ്യത്യാസം..
അരവിന്ദ് ശശിധരന്‍