കോഴിക്കോട്: ഒരു വള്ളിയിൽ നിന്ന് ഏഴര കിലോഗ്രാം വിളവ് ലഭിക്കുന്ന പുതിയ ഇനം കുരുമുളക് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്. മികച്ച ഉത്പാദനക്ഷമത വാഗ്ദാനം ചെയ്യുന്ന ഈ കുരുമുളകിന് ‘ചന്ദ്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഇത് തയ്യാറാക്കിയതെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ആറ് പേരടങ്ങുന്ന ഗവേഷക സംഘമാണ് ഇതിന് പിന്നിൽ.
നിലവിൽ നാം കാണുന്ന കുരുമുളക് തരികളിൽ നിന്നും വ്യത്യസ്തമാണ് ചന്ദ്ര. നീളമുള്ള തരികളാണ് ചന്ദ്രയ്‌ക്കുള്ളത്. രണ്ടിനം കുരുമുളകിൽ നിന്നും സങ്കരയിനം വികസിപ്പിക്കുന്ന രീതിയിലൂടെയല്ല ചന്ദ്ര വികസിപ്പിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ചോലമുണ്ടി, തൊമ്മൻകൊടി എന്നീ ഇനങ്ങളിൽ നിന്ന് സങ്കരയിനം ഉത്പാദിക്കുന്നതായിരുന്നു ആദ്യ ഘട്ടം. ശേഷം ഈ സങ്കരയിനത്തെ മാതൃസസ്യമായി ഉപയോഗിച്ച് തൊമ്മൻകൊടിയിൽ നിന്നുള്ള പൂമ്പൊടി കൊണ്ട് പരാഗണം നടത്തിയാണ് ചന്ദ്രയെ സൃഷ്ടിച്ചത്.
വർഷം മുഴുവൻ കുരുമുളക് ലഭ്യമാക്കുന്ന കുറ്റിക്കുരുമുളക് തയ്യാറാക്കാനും ചന്ദ്ര അനുയോജ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. നിലവിൽ പ്രചാരത്തിലുള്ള കുരുമുളക് ഇനങ്ങൾക്ക് ബദലാകാൻ കഴിയുന്ന എല്ലാ സവിശേഷതകളും ചന്ദ്രയ്‌ക്കുണ്ടെന്നും ഇതിന്റെ തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള ലൈസൻസും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ലഭ്യമാക്കുമെന്നും ഡയറക്ടർ ഡോ. ആർ. ദിനേശ് പറയുന്നു. ആറ് മാസത്തിനകം കർഷകരിലേക്ക് ചന്ദ്ര എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.