കണ്ണൂർ: കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ ബസിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐ നടത്തിയതെന്നും പ്രവർത്തകർ നടത്തിയത് മതൃകാപരമായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്ത മുന്നേറ്റമായി മാറിയെന്നും ഇത് ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചന നടക്കുന്നു. ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലർ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല. എന്നാൽ, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണെന്നും പിണറായി വിജയൻ വിമർശിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയത് ഭീകരപ്രവർത്തനം ആണെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത്.
വടിയും കല്ലുമായാണ് അവർ വന്നതെന്നും മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ജയരാജൻ ആരോപിച്ചു. ഇത് കേരളം ആയതുകൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ല. എല്ലാ സംഭവങ്ങളെയും ഗാന്ധിയൻ മനസോടെ കണ്ടിരിക്കാൻ സാധിക്കില്ലെന്നും ജയരാജൻ പറഞ്ഞു.