ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ റീറിലീസ് ചെയ്ത സിനിമ ഏതാണെന്ന് അറിയാമോ? ഇത്തരത്തിൽ ഒരു ചോദ്യം കേൾക്കുമ്പോൾ എല്ലാവരും ഒരുപോലെ ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ എന്നായിരിക്കും പറയുക. എന്നാൽ അല്ല! ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ ഇപ്പോഴും മുംബൈയിലെ മറാത്ത മന്ദിറിൽ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ കേട്ടാൽ ഞെട്ടുന്ന റെക്കോർഡുകളുള്ള ഒരു സിനിമയുണ്ട്. അതൊരു തെന്നിന്ത്യൻ ചിത്രം കൂടിയാണ്…
ഏകദേശം 550 തവണയാണ് ഈ സിനിമ റീ-റിലീസ് ചെയ്തത്. ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിലടക്കം ഈ സിനിമ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ ഒരു തിയറ്ററിൽ മാത്രം ഈ സിനിമ റീ-റിലീസ് ചെയ്തത് 30 പ്രാവശ്യമായിരുന്നു. ഇതും കൂടാതെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ചിത്രം റീറിലീസ് ചെയ്യുമായിരുന്നു. ബെംഗളൂരു നഗരത്തിൽ 1995 കാലത്ത് നിലനിന്നിരുന്ന അധോലോക ഗുണ്ടാസംഘങ്ങളുടെ കഥ പറഞ്ഞ ചിത്രം. കന്നട സിനിമയുടെ ചക്രവർത്തിയായ ശിവണ്ണ എന്ന ശിവരാജ് കുമാർ അഭിനയിച്ച ‘ഓം’ എന്ന സിനിമയ്‌ക്കാണ് ഇത്രയധികം റെക്കോർഡുകൾ ഉള്ളത്.
1995 -ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. തെന്നിന്ത്യൻ സൂപ്പർ താരം ഉപേന്ദ്ര റാവു ആണ് ഓം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓം എന്ന ചിത്രത്തിന് മുൻപും ശേഷവും വലിയൊരു കഥ തന്നെയുണ്ട്. ഓം സിനിമയുടെ കഥയുമായി അക്കാലത്ത് ഉപേന്ദ്ര നിരവധി നിർമ്മാതാക്കളെ കണ്ടിരുന്നു. എന്നാൽ ആരും ആ സിനിമ നിർമ്മിക്കാൻ തയ്യാറായിരുന്നില്ല. പിന്നീടാണ് അദ്ദേഹം നടൻ രാജ് കുമാറിനെ സമീപിച്ചത്. കഥ കേട്ടപ്പോൾ തന്നെ രാജ് കുമാറിന് വളരെ ഇഷ്ടപ്പെട്ടു. ചിത്രം താൻ തന്നെ നിർമ്മിക്കാം എന്ന് വാക്കിനൊപ്പം 50,000 രൂപ അഡ്വാൻസും നൽകി. ശേഷം രാജ് കുമാറിന്റെ വീടിന് പുറത്തേയ്‌ക്ക് വരുമ്പോഴായിരുന്നു ഉപേന്ദ്ര ശിവാരാജ് കുമാറിനെ ആദ്യമായി നേരിട്ട് കാണുന്നത്. നടനെ കണ്ടപ്പോൾ തന്നെ ഉപേന്ദ്ര മനസ്സിലുറപ്പിക്കുകായിരുന്നു തന്റെ ചിത്രത്തിലെ നായകൻ ശിവരാജ് കുമാർ ആയിരിക്കും എന്ന്.
എന്നാൽ ഓം എന്ന സിനിമയ്‌ക്ക് ഉപേന്ദ്ര ആദ്യം തീരുമാനിച്ച പേര് സത്യ എന്നായിരുന്നു. എന്നാൽ ചിത്രത്തിന്റെ പൂജയുടെ സമയത്ത് ശിവരാജ് കുമാറാണ് ഓം എന്ന പേര് വെറുതേ നിർദ്ദേശിച്ചത്. പൂർണ്ണമായും സംവിധായകന്റെ ചിത്രമായിരുന്നിട്ടും ഓം എന്ന പേര് ചിത്രത്തിന് ഇണങ്ങും എന്ന് മനസ്സിലാക്കി അദ്ദേഹം സത്യ എന്ന പേര് മാറ്റുകയായിരുന്നു.
ഓം എന്ന ചിത്രം ഒരു യഥാർത്ഥ കഥയുടെ ആവിഷ്‌കാരമാണെന്ന് വേണമെങ്കിലും പറയാം. കാരണം, ഉപേന്ദ്ര കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് അജ്ഞാതമായ ഒരു കത്ത് കിട്ടുകയായിരുന്നു. ആ കത്തിന്റെ ഉള്ളടക്കമാണ് ഓം സിനിമയുടെ ആദ്യപകുതി. പിന്നീട് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ 25 വർഷം തികയുന്ന വേളയിൽ, സിനിമയുടെ പ്രധാന ഇതിവൃത്തം യഥാർത്ഥ ജീവിതത്തിലെ ഒരു വ്യക്തിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉപേന്ദ്ര വെളിപ്പെടുത്തി. തന്റെ സഹോദരന്റെ സുഹൃത്തായിരുന്ന പർഷി എന്ന ആളുടെ കഥയായിരുന്നു ഓം.
നായകനായി ശിവരാജ് കുമാറിനെ തിരഞ്ഞെടുത്ത ശേഷം നായികയ്‌ക്കായും ഉപേന്ദ്ര ഒരുപാട് അലഞ്ഞു. അക്കാലത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്ന ജൂഹി ചൗളയടക്കം നിരവധി പേരുടെ പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ അക്കാലത്തെ തെന്നിന്ത്യൻ നായികയായിരുന്ന പ്രേമയെ ഈ സിനിമയിൽ നായികയായി തിരഞ്ഞെടുക്കുന്നത്. ഇത് കൂടാതെ സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം, ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നവരിൽ കൂടുതലും അന്നത്തെ കർണാടക വിറപ്പിച്ചിരുന്ന ഗുണ്ടകളായിരുന്നു. അങ്ങനെ എക്കാലത്തെയും ഹിറ്റായി നിൽക്കുന്ന അങ്ങനെ എക്കാലത്തെയും ഹിറ്റായി നിൽക്കുന്ന വലിയ റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രമാണ് ഓം..
70 ലക്ഷത്തോളം മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം അക്കാലത്ത് ഡോ.രാജ് ബാനറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. 2 കോടിയുടെ പ്രീ-റിലീസ് ബിസിനസ്സാണ് 1995 കാലത്ത് ഈ സിനിമക്കായി നടത്തിയത്. കന്നട സിനിമ ചരിത്രത്തിൽ ഇത്രയധികം റെക്കോർഡ് കളക്ക്ഷൻ നേടിയ മറ്റൊരു ചിത്രം ഇല്ലെന്ന് തന്നെ പറയാം. അങ്ങനെ നീളുകയാണ് ഓം സിനിമയുടെ റെക്കോർഡുകൾ.