ഒരു ബാങ്ക് അക്കൗണ്ട് എടുക്കുന്നത് എന്നത് സംബന്ധിച്ച് നമുക്കെല്ലാവർക്കും ധാരണയുണ്ട്. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ പലരുടെയും കയ്യിൽ ഇതിന് കൃത്യമായ മറുപടി ഉണ്ടാകില്ല. മിക്ക സാഹചര്യങ്ങളിലും ഒരാൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കേണ്ടതായി വന്നേക്കാം. അക്കൗണ്ടുകളിൽ നിന്നും വാർഷിക ചാർജുകൾ, കാർഡ് ഫീസ് എന്നിവ ഈടാക്കുന്നതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചേക്കാം.
ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് ചെയ്യാത്ത പക്ഷം അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആഴ്ചകളെടുത്തേക്കാം. ഒരു അക്കൗണ്ട് ക്ലോസ് ചെയ്യാനൊരുങ്ങുമ്പോൾ പ്രധാനമായും മനസിൽ വെക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം…
ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കുക
ബാങ്ക് അക്കൗണ്ടിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ഇടപാട് പൂർത്തിയാക്കാനുണ്ടെങ്കിൽ ഇത് കഴിയുന്നത് വരെ ഉപയോക്താക്കൾ കാത്തിരിക്കേണ്ടതായി വന്നേക്കാം. അക്കൗണ്ടിൽ എന്തെങ്കിലും കുടിശ്ശികയുണ്ടെങ്കിൽ ഇത് അവസാനിക്കുന്നത് വരെ ഉപയോക്താക്കൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനാകില്ല.
നെഗറ്റീവ് ബാലൻസ്
മിക്ക അക്കൗണ്ടുകൾ ആരംഭിക്കുമ്പോഴും മിനിമം ബാലൻസ് നിലനിർത്തണമെന്ന കാര്യം ബാങ്ക് ഓർമ്മിപ്പിച്ചിട്ടുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ബാങ്ക് പിഴ ഈടാക്കിയേക്കാം. നെഗറ്റീവ് ബാലൻസിൽ എത്തുകയാണെങ്കിൽ ഉപയോക്താക്കൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനാകില്ല.
ക്ലോസിംഗ് ചാർജുകൾ
മിക്ക ബാങ്കുകളും അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ക്ലോസിംഗ് ചാർജ് ഈടാക്കാറുണ്ട്.ബാങ്കുകൾക്കനുസരിച്ച് ഇതിൽ വ്യത്യാസം വന്നേക്കാം.
പ്രതിമാസ പെയ്മെന്റ്
ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ ഏതെങ്കിലും പ്രതിമാസ പേയ്മെന്റ് മാൻഡേറ്റ് സജീവമാണെങ്കിൽ അത് നിർജ്ജീവമാക്കാതെ അക്കൗണ്ട് ക്ലോസ് ചെയ്യാനാകില്ല.
ലോക്കർ സംവിധാനങ്ങൾ
ബാങ്ക് ലോക്കർ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് ലോക്കറിലുള്ളവ മാറ്റേണ്ടതാണ്.
സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യുക
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ എല്ലാ രേഖകളും ഡൗൺലോഡ് ചെയ്യുക. ഒരു അക്കൗണ്ട് ക്ലോസ് ആക്കിയാൽ വീണ്ടും ആക്സസ് ചെയ്യാൻ കഴിയില്ല.